രാജ്യത്തെ ആകെ കോവിഡ് പരിശോധനകളുടെ എണ്ണം 6.6 കോടിയിലധികമായി. ദേശീയ സഞ്ചിത പോസിറ്റീവ് നിരക്ക് 8.52 ശതമാനം രേഖപ്പെടുത്തിയതായും ഇത് ദേശീയ ശരാശരിയേക്കാള്‍ കുറവാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ പ്രതിദിന പരിശോധന 12 ലക്ഷത്തിലധികം ആയി ഉയർന്നു. സെപ്റ്റംബർ 22 വരെ 6,62,79,462 സാമ്പിളുകളാണ് പരിശോധിച്ചത്. 9,53,683 സാമ്പിളുകൾ ചൊവ്വാഴ്ച മാത്രം പരിശോധനക്കെത്തി. ഗുജറാത്ത്, ഒഡീഷ, പഞ്ചാബ്, ഉത്തരാഖണ്ഡ്, അസം, ഹരിയാന, ത്രിപുര എന്നിവയുൾപ്പെടെ പതിനാല് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും കൂടുതല്‍ കൊവിഡ് സ്ഥിരീകരിച്ചു.
ഉയർന്ന തലത്തിലുള്ള പരിശോധന പോസിറ്റീവ് കേസുകൾ നേരത്തേ തിരിച്ചറിയുന്നതിന് സഹായിക്കുന്നു. 24 മണിക്കൂറിനുള്ളിൽ 83,347 പുതിയ കൊവിഡ് രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പുതിയ കേസുകളിൽ 74 ശതമാനവും 10 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കർണാടക, ഉത്തർപ്രദേശ്, തമിഴ്‌നാട്, ഒഡീഷ, കേരളം, ഡല്‍ഹി, പശ്ചിമ ബംഗാൾ, ഛത്തീസ്ഗഡ് എന്നിവയാണവ. മഹാരാഷ്ട്രയിൽ മാത്രം 18,000 കേസുകളും ആന്ധ്രാപ്രദേശിലും കർണാടകയിലും യഥാക്രമം 7000, 6000 കേസുകൾ ഒരു ദിവസം റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിൽ 392 മരണങ്ങളും കർണാടക, ഉത്തർപ്രദേശ് യഥാക്രമം 83, 77 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇന്ത്യയിലെ കൊവിഡ് -19 രോഗ ബാധിതരുടെ എണ്ണം 56,46,010 ആയി ഉയർന്നു. ഒരു ദിവസം 83,347 രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മരണസംഖ്യ 90,020 ആയി ഉയർന്നു.