ന്യൂഡൽഹി: സെർവർ തകരാർ മൂലം പ്രതിസന്ധിയിലായ എയർ ഇന്ത്യയുടെ സർവീസുകൾ വൈകുന്നത് രണ്ടാം ദിവസവും പരിഹരിക്കാനാകാതെ അധികൃതര്‍. ഇന്ന് രാവിലെ വരെ 137 സർവീസുകളാണ് രണ്ട് മുതൽ മൂന്ന് മണിക്കൂർ വരെ വൈകി പുറപ്പെട്ടത്. വൈകുന്നേരത്തോടെ സർവീസുകള്‍ സാധാരണ നിലയിലാവുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം രാവിലെ മൂന്നരക്കാണ് സെർവർ തകരാർ ശ്രദ്ധയില്‍പ്പെട്ടത്. ആയിരക്കണക്കിന് യാത്രക്കാരാണ് ഇതേത്തുടര്‍ന്ന് ലോകമെമ്പാടുമുള്ള വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങിയത്. 19 വിമാന സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. ആറ് മണിക്കൂറിന് ശേഷം സെർവർ തകരാര്‍ പരിഹരിച്ചു. വൈകിട്ടോടെ കാര്യങ്ങൾ സാധാരണ നിലയിലാകുമെന്ന് എയര്‍ ഇന്ത്യ സിഎംഡി അശ്വനി ലൊഹാനി അറിയിച്ചിരുന്നു. ആദ്യഘട്ടത്തിൽ യാത്രക്കാര്‍ക്ക് പ്രതിസന്ധി നേരിട്ടതിന് വിശദീകരണം നല്‍കാന്‍ പോലും എയര്‍ ഇന്ത്യ അധികൃതര്‍ തയ്യാറായില്ല. യാത്ര അനിശ്ചിതത്വത്തിലായതോടെ സമൂഹമാധ്യമങ്ങളിലൂടെ യാത്രക്കാര്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്.