ഹൈദരാബാദ്: കൊവിഡ് രോഗി ഒരാഴ്ച മുമ്പ് ബാങ്ക് സന്ദർശിച്ചതിനെ തുടർന്ന് ജീവനക്കാരെ ആശുപത്രിയിലേക്ക് മാറ്റി. ഓൾഡ് സിറ്റിയിലെ പുരാണപുൽ പ്രദേശത്തെ ഒരു പ്രമുഖ പൊതുമേഖലാ ബാങ്കിന്റെ ശാഖയിലാണ് സംഭവം. കൊവിഡ് സ്ഥിരീകരിച്ച സ്ത്രീയുടെ യാത്ര വിവരങ്ങൾ പരിശോധിച്ചപ്പോൾ ഇവർ ഒരാഴ്ച മുമ്പ് ബാങ്കിലെത്തിയതായി തെളിഞ്ഞു. തുടർന്നാണ് അന്നേ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന 13 ജീവനക്കാരെ നേച്ചർ കെയർ ആശുപത്രിയിലേക്ക് മാറ്റിയത്. ഇവരാരും രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നില്ലെന്നും മുൻ കരുതൽ നടപടികളുടെ ഭാഗമായാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും ബാങ്ക് മാനേജ്മെന്റ് അറിയിച്ചു. 13 പേരുടേയും സാമ്പിളുകൾ പരിശോധനക്ക് അയച്ചിട്ടുണ്ട്. പരിശോധനാഫലത്തിൽ കൊവിഡ് പോസിറ്റീവ് ആകുന്നവരെ ഗാന്ധി ആശുപത്രിയിലേക്ക് മാറ്റും. നെഗറ്റീവ് ആകുന്നവരെ 14 ദിവസത്തേക്ക് നിരീക്ഷണത്തിൽ പ്രവേശിപ്പിക്കും.
അതേസമയം തെലങ്കാനയിൽ ഞായറാഴ്ച 42 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 1551 ആയി. ജിഎച്ച്എംസി പരിധിയിൽ 37 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതായി അധികൃതർ അറിയിച്ചു. രംഗ റെഡ്ഡി ജില്ലയിലെ രണ്ട് പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന് പേർ അതിഥി തൊഴിലാളികളാണ്. തെലങ്കാനയിൽ ഇതുവരെ 557 അതിഥി തൊഴിലാളികൾക്കാണ് കൊവിഡ് 19 സ്ഥിരീകരിക്കുന്നത്. 21 പേർ കൂടി രോഗം ഭേദമായി ആശുപത്രി വിട്ടതോടെ കൊവിഡ് മുക്തി നേടിയവരുടെ എണ്ണം 992 ആയി. തെലങ്കാനയിൽ നിലവിൽ 525 പേരാണ് ചികിത്സയിൽ കഴിയുന്നത്.