കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലയിലെ തെലിനിപാറയിൽ രണ്ട് സമുദായങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 129 പേരെ അറസ്റ്റ് ചെയ്‌തതായി ആഭ്യന്തര വകുപ്പ് അറിയിച്ചു. മുതിർന്ന ഉദ്യോഗസ്ഥരും വിവിധ സേനകളും പ്രദേശത്ത് പട്രോളിങ് നടത്തുന്നുണ്ടെന്നും രാഷ്ട്രീയ താൽപര്യങ്ങൾക്കനുസരിച്ച് സാമുദായിക വൈറസ് പടർത്താൻ ശ്രമിക്കുകയാണെന്നും ആഭ്യന്തര വകുപ്പ് അറിയിച്ചു. ഇവർക്കെതിരെ ശക്തമായ നടപടി സർക്കാർ സ്വീകരിക്കുമെന്നും ആഭ്യന്തര വകുപ്പ് വ്യക്തമാക്കി.
ഒരു സമുദായ അംഗത്തെ മറ്റൊരു സമുദായ അംഗം "കൊറോണ" എന്ന് വിളിച്ചതിനെ തുടർന്നാണ് തെലിനിപാറയിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. തുടർന്ന് സ്ഥലത്തെ നിരവധി കടകൾ കൊള്ളയടിക്കപ്പെട്ടു. മെയ് 17 വൈകുന്നേരം വരെ പ്രദേശത്തെ ഇന്‍റർനെറ്റ് സേവനം റദ്ദാക്കിയിട്ടുണ്ടെന്നും തെലിനിപാറയിലും പരിസര പ്രദേശങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.