ലക്നൗ: ഉത്തർപ്രദേശിൽ കഴിഞ്ഞ മൂന്നുവർഷത്തിനിടെ 6,000ത്തിലധികം ക്രിമിനൽ കേസുകൾ റിപ്പോർട്ട് ചെയ്തതയായി അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് പ്രശാന്ത് കുമാർ. പൊലീസും ഗുണ്ടകളുമായി നടന്ന ഏറ്റുമുട്ടലുകളിൽ 122 കുറ്റവാളികൾ കൊല്ലപ്പെട്ടതായും 13 പൊലീസുകാർ മരിച്ചതായും അദ്ദേഹം പറഞ്ഞു. 2017 മാർച്ച് 20 മുതൽ 2020 ജൂലൈ 10 വരെയുള്ള റിപ്പോർട്ടിൽ 13000ത്തിലധികം പേർ ക്രിമിനൽ കേസുകളിൽ അറസ്റ്റിലായതായും അദ്ദേഹം പറഞ്ഞു. കാൺപൂരിൽ നടന്ന ഗുണ്ടാ ഏറ്റുമുട്ടലിന്‍റെ പശ്ചാത്തലത്തിലാണ് പൊലീസ് റിപ്പോർട്ട് പുറത്തുവിട്ടത്.
കാൺപൂരിൽ നടന്ന ആക്രമണത്തിൽ 21 ക്രിമിനലുകൾ കൊല്ലപ്പെട്ടതായും എട്ട് പൊലീസുകാർ മരിച്ചതായും അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് പ്രശാന്ത് കുമാർ പറഞ്ഞു. കേസിൽ കൂടുതൽ പ്രതികളെ പിടികൂടാനുള്ള ശ്രമം തുടരുന്നതായും പൊലീസ് പറഞ്ഞു.
ജൂലൈ മൂന്നിന് കാൺപൂരിലെ ബിക്രു ഗ്രാമത്തിൽ ഗുണ്ടനേതാവ് വികാസ് ദുബെയുടെ കൂട്ടാളികൾ ഒരു ഡിഎസ്പി ഉൾപ്പെടെ എട്ട് പൊലീസുകാരെ വെടിവച്ചു കൊല്ലുകയായിരുന്നു. ആക്രമണത്തിൽ ഒരു സിവിലിയൻ ഉൾപ്പെടെ ഏഴ് പേർക്ക് പരിക്കേറ്റിരുന്നു. സംഭവത്തിൽ ഗുണ്ടാനേതാവിനെ പിടികൂടുകയും ജൂലൈ 10ന് നടന്ന ഏറ്റുമുട്ടലിൽ ദുബെ കൊല്ലപ്പെടുകയും ചെയ്തു.
അതേസമയം 2020 ജനുവരി ഒന്ന് മുതൽ 2020 ജൂൺ 15 വരെ 579 കവർച്ചാ കേസുകളും 913 ബലാത്സംഗ കേസുകളും ഉത്തർപ്രദേശിൽ രജിസ്റ്റർ ചെയ്തതായി പ്രശാന്ത് കുമാർ പറഞ്ഞു. 2019ൽ ഇതേ കാലയളവിൽ നടന്ന കുറ്റകൃത്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ 37.74 ശതമാനം കുറ്റകൃത്യങ്ങൾ കുറഞ്ഞതായും അദ്ദേഹം പറഞ്ഞു.