കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ലോക്ക് ഡൗണ്‍ നടപ്പാക്കുന്നതിനിടെ പൊലീസുകാരെ ആക്രമിച്ച 10 പേര്‍ അറസ്റ്റില്‍. ഹൗറ ജില്ലയിലെ തിക്കെയ്‌പാറയിലാണ് സംഭവം. ആക്രമണത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റു. രണ്ട് വാഹനങ്ങള്‍ക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. പ്രതികള്‍ക്കെതിരെ വിവിധ വകുപ്പുകളിലായി മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തു. ചൊവ്വാഴ്‌ച വൈകുന്നേരം ലോക്ക് ഡൗണ്‍ ലംഘിക്കുന്നുണ്ടോ എന്നറിയാന്‍ പൊലീസുകാര്‍ പട്രോളിങ് നടത്തുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.
ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് ഒരു കൂട്ടം ആളുകള്‍ ചന്തയില്‍ ഒത്തുകൂടിയെന്ന വിവരമറിഞ്ഞാണ് പൊലീസ് പരിശോധനയ്‌ക്കിറങ്ങിയത്. തിരികെ പോകാന്‍ പൊലീസുകാര്‍ ആവശ്യപ്പെട്ടെങ്കിലും ആളുകള്‍ പൊലീസുകാര്‍ക്ക് നേരെ കല്ലെറിഞ്ഞു. കൊവിഡ് പശ്ചാത്തലത്തില്‍ റെഡ് സോണ്‍ പ്രഖ്യാപിച്ച നാല് ജില്ലകളില്‍ ഒന്നാണ് ഹൗറ. സംസ്ഥാനത്തെ 75 ശതമാനം കൊവിഡ് കേസുകളും ഇവിടങ്ങളില്‍ നിന്നാണ്. കൊല്‍ക്കത്ത, മിഡ്‌നാപൂര്‍,നോര്‍ത്ത് 24 പര്‍ഗാന എന്നിവയാണ് കൊവിഡ് സ്ഥിരീകരിച്ച മറ്റ് മൂന്ന് ജില്ലകള്‍.