പാരിസ്: കൊവിഡ്-19 നേസൽ വാക്‌സിന്‍റെ (മൂക്കില്‍ കൂടി നല്‍കുന്ന വാക്‌സിൻ) മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ പൂർത്തിയായെന്ന് ഭാരത് ബയോടെക് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ ഡോ.കൃഷ്‌ണ എല്ല ശനിയാഴ്‌ച പറഞ്ഞു. അടുത്ത മാസത്തോടെ ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയ്ക്ക് (ഡിസിജിഐ) കമ്പനി വാക്‌സിന്‍റെ ഡാറ്റ സമർപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
'ഞങ്ങൾ ഒരു ക്ലിനിക്കൽ ട്രയൽ പൂർത്തിയാക്കി. ഡാറ്റ വിശകലനം നടന്നുകൊണ്ടിരിക്കുന്നു. അടുത്ത മാസം ഞങ്ങളുടെ ഡാറ്റ റെഗുലേറ്ററി ഏജൻസിക്ക് സമർപ്പിക്കും. എല്ലാം ശരിയാണെന്ന് ബോധ്യമായാൽ വാക്‌സിൻ പുറത്തിറക്കാൻ ഞങ്ങൾക്ക് അനുമതി ലഭിക്കും. അങ്ങനെയായാൽ ഇത് ക്ലിനിക്കലി തെളിയിക്കപ്പെട്ട ലോകത്തിലെ ആദ്യത്തെ നേസൽ കൊവിഡ് വാക്‌സിൻ ആയിരിക്കും'. കൃഷ്‌ണ എല്ല പറഞ്ഞു.
കൊവിഡ് വാക്‌സിന്‍റെ രണ്ട് ഡോസുകളും സ്വീകരിച്ചവർ നിർബന്ധമായും ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്നും കൃഷ്‌ണ പറഞ്ഞു. ബൂസ്റ്റർ ഡോസ് വാക്‌സിൻ നമുക്ക് പ്രതിരോധശേഷി നൽകുന്നു. ബൂസ്റ്റർ ഡോസ് ഒരു അത്ഭുത വാക്‌സിൻ ഡോസ് ആണെന്ന് ഞാൻ എപ്പോഴും പറയാറുണ്ട്. കുട്ടികളിൽ പോലും ആദ്യം രണ്ട് ഡോസിനേക്കാൾ പ്രതിരോധ ശേഷി നൽകുന്നത് മൂന്നാമത്തെ ഡോസായ ബൂസ്റ്റർ ഡോസാണ്.
'കുട്ടികളെപ്പോലെത്തന്നെ മൂന്നാം ഡോസ് മുതിർന്നവർക്കും വളരെ പ്രധാനമാണ്. സത്യമെന്തെന്നാൽ കൊവിഡിനെ നമുക്ക് 100 ശതമാനം ഉന്മൂലനം ചെയ്യാൻ കഴിയില്ല. അത് ഇവിടെ തന്നെ ഉണ്ടാകും. അതിനാൽ തന്നെ നമ്മൾ അതിനോടൊപ്പം ജീവിക്കുകയും അതിനെ പ്രതിരോധിക്കുകയും നിയന്ത്രിക്കുകയും വേണം'. കൃഷ്‌ണ എല്ല വ്യക്‌തമാക്കി.