ന്യൂഡല്‍ഹി : കൊവാക്‌സിന് അടിയന്തര ഉപയോഗാനുമതി തേടി ഭാരത് ബയോടെക് വീണ്ടും ലോകാരോഗ്യ സംഘടനയ്‌ക്ക് മുന്നിലേക്ക്. ജൂണ്‍ 23 ന് സംഘടന പ്രതിനിധികളുമായി ഭാരത് ബയോടെക് അധികൃതര്‍ കൂടിക്കാഴ്‌ച നടത്തും.
ആവശ്യമായ രേഖകളില്‍ 90 ശതമാനവും ലോകാരോഗ്യ സംഘടനയ്‌ക്ക് കൈമാറിയിട്ടുണ്ടെന്നും ബാക്കിയുള്ളവ ഉടൻ നല്‍കുമെന്നും കഴിഞ്ഞ മാസം ആദ്യം ഭാരത് ബയോടെക് അറിയിച്ചിരുന്നു.
മരുന്നിന് അനുമതി നേടിയെടുക്കാൻ വിദേശകാര്യമന്ത്രാലയവും ഭാരത് ബയോടെക്കിനൊപ്പം ചേര്‍ന്ന് പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യയില്‍ അനുമതി ലഭിച്ച കൊവാക്‌സിൻ വ്യാപകമായി തന്നെ രാജ്യത്ത് ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിക്കാത്തതിനാല്‍ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നതിന് നിയന്ത്രണങ്ങളുണ്ട്.
also read: രാജ്യത്ത് 67,208 പേര്‍ക്ക് കൂടി കൊവിഡ്, 2,330 മരണം
ജനുവരി 16നാണ് ഇന്ത്യയില്‍ വാക്‌സിനേഷൻ ആരംഭിച്ചത്. ആദ്യഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് മരുന്ന് നല്‍കിയത്. ഫെബ്രുവരി 2 മുതല്‍ മറ്റ് മുന്നണി പോരാളികള്‍ക്കും മരുന്ന് നല്‍കിത്തുടങ്ങി.
മൂന്നാം ഘട്ടം ആരംഭിച്ച മാര്‍ച്ച് ഒന്ന് മുതല്‍ 45നും 60നും ഇടയില്‍ പ്രായമുള്ള ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുള്ളവർക്കും മരുന്ന് വിതരണം ചെയ്‌തു. ഏപ്രില്‍ ഒന്ന് മുതല്‍ 45 വയസിന് മുകളിലുള്ള എല്ലാവർക്കും മെയ് 1 മുതല്‍ രാജ്യത്തെ എല്ലാവർക്കും വാക്‌സിന്‍ നൽകിത്തുടങ്ങി.