ഹൈദരാബാദ്: കുട്ടികളിലും കൗമാരക്കാരിലുമുള്ള കൊവിഡ് വ്യാപനം തടയാൻ കൊവാക്സിൻ ഫലപ്രദമാണെന്ന് പ്രമുഖ വാക്‌സിൻ നിർമാണ കമ്പനിയായ ഭാരത് ബയോടെക്. രണ്ടും മൂന്നും ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളിലൂടെ ഇത് തെളിയിച്ചതായും ഭാരത് ബയോടെക് വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
രണ്ട് വയസ് മുതൽ 18 വയസ് വരെ പ്രായമുള്ളവരിൽ കൊവാക്സിൻ സുരക്ഷിതമെന്നാണ് പഠനത്തിൽ കണ്ടെത്തിയത്. ഇതിനായി ഈ പ്രായപരിധിയിലുള്ളവരിൽ പരീക്ഷണം നടത്തിയിരുന്നു. കുത്തിവച്ച സ്ഥലത്തെ വേദനയൊഴികെ ഗുരുതരമായ പ്രതികൂല ഫലങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല. വൈറസ് അണുബാധ മൂലമുണ്ടായേക്കാവുന്ന മയോകാർഡിറ്റിസ്, രക്തം കട്ടപിടിക്കുന്ന സാഹചര്യങ്ങൾ മുതലായവ കണ്ടെത്തിയിട്ടില്ല. മുതിർന്നവരേക്കാൾ ശരാശരി 1.7 മടങ്ങ് കൂടുതലായി കുട്ടികളിൽ ആന്‍റിബോഡി ഉത്പാദിപ്പിക്കപ്പെടുമെന്നും പഠനം തെളിയിച്ചതായി ഭാരത് ബയോടെക് വ്യക്തമാക്കി.
ALSO READ:രാജ്യത്ത് ആദ്യ ഒമിക്രോൺ മരണം മഹാരാഷ്‌ട്രയിൽ; മരിച്ചത് നൈജീരിയയിൽ നിന്നെത്തിയ 52കാരൻ
ശിശുരോഗികളിൽ നിന്നുള്ള കൊവാക്സിന്‍റെ ക്ലിനിക്കൽ ട്രയൽ ഡാറ്റ വളരെ പ്രോത്സാഹജനകമാണെന്ന് ഭാരത് ബയോടെക് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. കൃഷ്ണ എല്ല പറഞ്ഞു. കുട്ടികളിലെ വാക്സിൻ സുരക്ഷ എന്നത് വളരെ പ്രധാനമാണ്. അത്തരത്തിൽ വാക്‌സിൻ കുട്ടികളിൽ സുരക്ഷിതമാണെന്നും അവരുടെ പ്രതിരോധ ശേഷി വർധിപ്പിക്കുമെന്നുമുള്ള കണ്ടെത്തൽ വലിയ സന്തോഷം നൽകുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊവിഡിനെതിരെ മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ സുരക്ഷിതവും ഫലപ്രദവുമായ വാക്സിൻ വികസിപ്പിക്കുക എന്ന ഞങ്ങളുടെ ലക്ഷ്യം ഇതിലൂടെ നേടിയിരിക്കുന്നുവെന്നും എല്ല പറഞ്ഞു.
മുതിർന്നവർക്കും കുട്ടികൾക്കും ഒരേ അളവിൽ കൊവാക്സിൻ നൽകാമെന്നും ഭാരത് ബയോടെക് പ്രസ്താവനയിൽ അവകാശപ്പെട്ടു. ഇതോടെ രണ്ട് മുതൽ 18 വരെ പ്രായപരിധിയുള്ളവരിൽ പരീക്ഷിച്ച് വിജയിച്ച ആദ്യ കൊവിഡ് പ്രതിരോധ വാക്സിനായി കൊവാക്സിൻ മാറും.