ന്യൂഡല്‍ഹി: ബ്രസീലില്‍ കൊവാക്‌സിൻ വിതരണത്തിന് 2 ബ്രസീലിയൻ കമ്പനികളുമായി ഒപ്പുവച്ച കരാര്‍ റദ്ദാക്കിയതായി ഭാരത് ബയോടെക്ക്. പ്രെസിസ മെഡിക്കമെന്‍റോസ്, എൻവിക്സിയ ഫാര്‍മസ്യൂട്ടിക്കല്‍സ് എല്‍എല്‍സി എന്നീ കമ്പനികളുമായുള്ള കരാറാണ് കൊവാക്‌സിൻ നിര്‍മാതാക്കളായ ഭാരത് ബയോടെക്ക് റദ്ദാക്കിയത്. എന്നാല്‍ ബ്രസീലിന്‍റെ ദേശീയ ആരോഗ്യ നിരീക്ഷണ ഏജൻസിയായ ആൻവിസയുടെ അംഗീകാരത്തിന് വേണ്ടിയുള്ള ശ്രമം തുടരുകയാണെന്നും കമ്പനി പറഞ്ഞു.
മറ്റ് രാജ്യങ്ങളിലും കൊവാക്‌സിൻ ഉപയോഗത്തിനുള്ള അനുമതി തേടുകയാണ്. ആഗോള വിതരണത്തിന്‍റെ ഭാഗമായാണ് ഹൈദരാബാദ് ആസ്ഥാനമായുള്ള ഫാർമ കമ്പനി ബ്രസീലിന് കൊവാക്‌സിൻ വിതരണം ചെയ്യുന്നത്. 15-20 യുഎസ് ഡോളറാണ് ഒരു ഡോസ് കൊവാക്‌സിന് ആഗോള തലത്തില്‍ വില നിശ്ചയിച്ചിരിക്കുന്നത്. ഇതനുസരിച്ച് 15 യുഎസ് ഡോളറിനാണ് ബ്രസീലിന് ഭാരത് ബയോടെക്ക് വാക്‌സിൻ നല്‍കുന്നത്.
മുൻകൂറായിട്ട് പണം ഒന്നും വാങ്ങിയിട്ടില്ലെന്നും ബ്രീസല്‍ ആരോഗ്യ വകുപ്പിന് വാക്‌സിൻ കൈമാറിയിട്ടില്ലെന്നും ഭാരത് ബയോടെക്ക് അറിയിച്ചു. കരാറിലെ ക്രമക്കേട് ആരോപിച്ച് ഭാരത് ബയോടെക്കുമായി ഉണ്ടാക്കിയ 20 ദശലക്ഷം ഡോസ് കൊവിഡ് വാക്‌സിന്‍റെ ഇറക്കുമതി ബ്രസീൽ സർക്കാർ താത്കാലികമായി നിർത്തിവച്ചിരുന്നു. കംപ്ട്രോളർ ജനറൽ ഓഫ് യൂണിയന്‍റെ (സിജിയു) ശുപാർശയെ തുടർന്നാണ് ബ്രസീൽ ആരോഗ്യ മന്ത്രാലയം ബയോടെക്കിൽ നിന്നും വാക്‌സിൻ വാങ്ങുന്നത് നിർത്തിവച്ചിരിക്കുന്നത്.
Also Read: അതിർത്തിയില്‍ അജ്ഞാത വെളിച്ചം, ഡ്രോണെന്ന് സംശയം; സൈന്യം തെരച്ചില്‍ തുടരുന്നു