സുന്ദര്‍ഗഡ്/ഒഡിഷ: പരമ്പരാഗത ചിത്രകലയോടുള്ള ഒരു എഞ്ചിനീയറിങ്ങ് വിദ്യാര്‍ഥിനിയുടെ അഭിനിവേശത്തിന്‍റെ കഥയാണിത്. മൃദുലമായ കല്ലുകളിലും ഉപേക്ഷിച്ച കുപ്പികളിലും ഫ്യൂസായ ബള്‍ബുകളിലുമൊക്കെ നിറങ്ങളും ബ്രഷും ഉപയോഗിച്ച് ആകര്‍ഷകമായ ചിത്രങ്ങള്‍ വരക്കുകയാണ് ഭാഗ്യശ്രീ സാഹു എന്ന വിദ്യാർഥിനി. ഭഗവാന്‍ ശ്രീ ജഗന്നാഥനോടുള്ള ഭക്തിയും സ്‌നേഹവുമാണ് തന്‍റെ ചിത്രങ്ങളിൽ ഭാഗ്യശ്രീ വരച്ചിടാറ്.
കൊവിഡ് മൂലം രാജ്യത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തിയ കാലയളവിലാണ് ഭാഗ്യശ്രീ പാഴ്വസ്തുക്കളിൽ നിറം പകർന്ന് തുടങ്ങിയത്. അന്ന് നേരം പോക്കിന് വേണ്ടി ചെയ്തതാണെങ്കിലും ഇപ്പോൾ അത് അംഗീകാരങ്ങൾ കൊണ്ട് വരാൻ തുടങ്ങി. മൻ കി ബാത്തിലൂടെ ജനങ്ങളോട് സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്രമോദി ഭാഗ്യശ്രീയെ അഭിനന്ദിച്ചിരുന്നു. കൂടാതെ യുവതലമുറക്ക് പ്രചോദനമാവട്ടെ എന്ന് ആശംസിക്കുകയും ചെയ്തു. പ്രധാനമന്ത്രിയുടെ ഈ പ്രഭാഷണത്തോടെ ഒഡീഷയുടെ പരമ്പരാഗത സംസ്‌കാരമായ പട്ടചിത്രങ്ങൾ കുപ്പികളിലും കല്ലുകളിലും വരച്ചിടുന്ന ഈ മിടുക്കിയെ രാജ്യം അഭിനന്ദിച്ചു.
ഒഡിഷയിലെ സുന്ദര്‍ഗഡ് ജില്ലയിലുള്ള റുര്‍കലയാണ് ഭാഗ്യശ്രീയുടെ സ്വദേശം. എം ടെക് വിദ്യാർഥിനിയായ ഭാഗ്യശ്രീക്ക് കുട്ടിക്കാലത്ത് ചിത്രകലയില്‍ മികച്ച പ്രാവീണ്യം ഉണ്ടായിരുന്നില്ല. ഒരിക്കല്‍ ഭാഗ്യശ്രീ കുടുംബത്തോടൊപ്പം പട്ടചിത്രയുടെ ജന്മസ്ഥലമായ പുരി ജില്ലയിലെ രഘുരാജ്പൂര്‍ ഗ്രാമത്തില്‍ പോയി. അവിടെ നിന്ന് പട്ടചിത്രയെക്കുറിച്ച് അറിഞ്ഞ ഭാഗ്യശ്രീ കൂടുതൽ പഠിച്ച് താനും ഒരിക്കൽ വരയ്ക്കുമെന്ന് തീരുമാനിക്കുകയുമായിരുന്നു. ലോക്കഡൗൺ കാലമാണ് പഠനത്തിനായി സമയം കണ്ടെത്തിയത്. തുടർന്ന് ക്യാൻവാസിൽ പകർത്താൻ ആരംഭിക്കുകയും ചെയ്തു. ഇന്ന് ഓൺലൈൻ സൈറ്റുകളിൽ ഭാഗ്യശ്രീയുടെ ചിത്രങ്ങള്‍ക്ക് നിരവധി ആവശ്യക്കാരാണുള്ളത്.
എട്ട് മണിക്കൂർ എടുത്താണ് ഭാഗ്യശ്രീ ഒരു കുപ്പിയില്‍ പട്ടചിത്ര വരക്കുന്നത്. കുടുംബാംഗങ്ങള്‍ ഭാഗ്യശ്രീയുടെ കഴിവിനെ അംഗീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ തന്‍റെ കലാരൂപങ്ങള്‍ അങ്ങേയറ്റം കരുതലോടെയാണ് ഭാഗ്യശ്രീ ചെയ്തു തീര്‍ക്കുന്നത്. ചിത്രങ്ങൾ വരയ്ക്കാൻ പ്രത്യേകമായി സമയം കണ്ടെത്തേണ്ടതില്ലെന്നും ചിത്രരചന തന്‍റെ ദിനചര്യയുടെ ഭാഗമാണെന്നും ഭാഗ്യശ്രീ പറയുന്നു.
ഒഡിഷയുടെ പരമ്പരാഗത കലാരൂപത്തെ ലോകത്തിന് മുമ്പിൽ കൊണ്ട് വന്ന ഭാഗ്യശ്രീ സാഹു ഒഡിഷയിലെ ജനങ്ങളുടെ സംസ്കാരത്തെ തന്നെയാണ് പുറം ലോകത്തിന് മുമ്പിൽ തുറന്ന് കാണിച്ചത്. പട്ടചിത്രങ്ങളോടുള്ള ഭാഗ്യശ്രീയുടെ അഭിനിവേശം തീര്‍ച്ചയായും ഈ കലാരൂപത്തെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കും.