ഛണ്ഡീഗഡ്: ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ വിവാഹിതനായി. ഹരിയാനയിലെ പെഹോവ ജില്ലയിലെ കുരുക്ഷേത്ര സ്വദേശിയായ ഡോ.ഗുര്പ്രീത്കൗറാണ് വധു. ചണ്ഡീഗഡിലെ മാനിന്റെ വസതിയില്‍ നടന്ന ചടങ്ങില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പങ്കെടുത്തിരുന്നു
സിഖ് ആചാരപ്രകാരമായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. ഭഗവന്ത് സിങ് മാന്നിന്റെ അമ്മയ്ക്കും സഹോദരിക്കും പുറമെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും കുടുംബവും ക്ഷണിക്കപ്പെട്ട അതിഥികളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തതെന്ന് ആം ആദ്മി പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി. ഇന്ന് ഏറെ സന്തോഷമുള്ള ഒരു ദിവസമാണെന്നായിരുന്നു വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഡല്‍ഹി മുഖ്യമന്ത്രിയുടെ പ്രതികരണം.
സ്ഥിരം മഞ്ഞ തലപ്പാവും, സ്വര്‍ണനിറത്തിലുള്ള കുര്‍ത്ത-പൈജാമയും ധരിച്ചാണ് ഭഗവന്ത് മാന്‍ വിവാഹചടങ്ങിനെത്തിയത്. വധുവാകട്ടെ ചുവന്ന വസ്ത്രമാണ് ചടങ്ങില്‍ ധരിച്ചിരുന്നത്. ഭഗവന്ത് മാനിന്റെ ആം ആദ്മി പാര്‍ട്ടി സഹപ്രവര്‍ത്തകനായ രാഘവ് ചദ്ദയാണ് ദമ്പതികളുടെ ചില ചിത്രങ്ങള്‍ ട്വിറ്ററിലൂടെ പുറത്ത് വിട്ടത്.
ഔദ്യോഗിക പദവിലിയിരിക്കുമ്പോള് വിവാഹിതനാകുന്ന ആദ്യത്തെ പഞ്ചാബ് മുഖ്യമന്ത്രിയാണ് ഭഗവന്ത് മാന്‍. ആറ് വർഷം മുൻപ് വിവാഹ മോചിതനായ ഭഗവന്ത് മാന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. ആദ്യ ഭാര്യയും രണ്ട് കുട്ടികളും നിലവില്‍ അമേരിക്കയിലാണ് താമസം.