അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ശേഷിക്കെ തുടര്‍ച്ചയായ രണ്ടാം ദിവസവും കോണ്‍ഗ്രസിന് തിരിച്ചടി. മോഹൻസിങ് രത്വ കോണ്‍ഗ്രസ് വിട്ടതിന് പിന്നാലെ മറ്റൊരു മുതിര്‍ന്ന കോണ്‍ഗ്രസ് എംഎല്‍എ ഭഗ്‌വൻ ബരാദ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു. എംഎല്‍എ സ്ഥാനവും ഭഗ്‌വന്‍ ബരാദ് രാജിവച്ചു. ആദിവാസി നേതാവും പത്ത് തവണ എംഎല്‍എയുമായിരുന്നു മോഹന്‍സിങ് രത്വ.
ഗിർ സോമനാഥ് ജില്ലയിലെ തലാല മണ്ഡലത്തിന്‍റെ എംഎല്‍എയാണ് ഭഗ്‌വന്‍ ബരാദ്. ഭാഗ ബരാദ് എന്ന് അറിയപ്പെടുന്ന ബരാദിനെ അഹമ്മദാബാദിലെ ബിജെപി ആസ്ഥാനത്ത് വച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രദീപ് സിങ് വഗേല സ്വീകരിച്ചു. നാലായിരത്തോളം വരുന്ന അനുയായികളോട് കൂടിയാലോചിച്ച ശേഷമാണ് കോണ്‍ഗ്രസ് വിടാനുള്ള തീരുമാനം കൈകൊണ്ടതെന്ന് ബരാദ് വിശദീകരിച്ചു.
അടുത്തമാസം നടക്കാന്‍ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി ആവശ്യപ്പെട്ടാല്‍ മല്‍സരിക്കും. എന്നാല്‍ ബിജെപിയില്‍ ചേരുന്നതിന് യാതൊരു ഉപാധികളും താന്‍ മുന്നോട്ട് വച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. ഡിസംബര്‍ ഒന്നിനും അഞ്ചിനുമായി രണ്ട് ഘട്ടങ്ങളിലായാണ് ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍.
ഗിര്‍ സോമ്‌നാഥ് ജില്ലയില്‍ കോണ്‍ഗ്രസിന് തിരിച്ചടിയാകും: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന ദൗത്യത്തില്‍ പങ്കുചേരാനാണ് താന്‍ ബിജെപിയുടെ ഭാഗമാകുന്നത്. തന്നോട് ആവശ്യപ്പെട്ടാല്‍ ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങും. ഗിര്‍ സോമ്‌നാഥ്, ജുനാഗഡ് എന്നീ ജില്ലകളിലെ ഒമ്പത് മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍ഥികളുടെ വിജയത്തിനായി താന്‍ പരിശ്രമിക്കുമെന്നും ബരാദ് പറഞ്ഞു.
അഹിര്‍ വിഭാഗത്തില്‍ നിന്നുള്ള നേതാവാണ് ബരാദ്. തലാല നിയമസഭ മണ്ഡലത്തില്‍ നിന്ന് 2007ലും 2017ലും അദ്ദേഹം വിജയിച്ചു. 1998ലും 2012ലും തലാല മണ്ഡലത്തെ പ്രതിനിധീകരിച്ചത് അദ്ദേഹത്തിന്‍റെ സഹോദരന്‍ ജാഷുഭായിയാണ്.
ഗിര്‍ സോമ്‌നാഥ് ജില്ലയിലെ നാല് നിയമസഭ മണ്ഡലങ്ങളില്‍ ഒന്നാണ് തലാല. 2017ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഈ നാല് മണ്ഡലങ്ങളില്‍ ഒന്നില്‍പോലും ബിജെപിക്ക് വിജയിക്കാന്‍ സാധിച്ചിരുന്നില്ല. ജില്ലയിലെ നാല് മണ്ഡലങ്ങളിലും വിജയിച്ചത് കോണ്‍ഗ്രസ് ആയിരുന്നു.
രണ്ട് പതിറ്റാണ്ടോളം പഴക്കമുള്ള അനധികൃത മൈനിങ് കേസില്‍ പ്രാദേശിക കോടതി ശിക്ഷിച്ചതിനെ തുടര്‍ന്ന് 2019ല്‍ ബരാദിനെ നിയമസഭ സ്‌പീക്കര്‍ രാജേന്ദ്ര ത്രിവേദി എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയിരുന്നു. എന്നാല്‍ ശിക്ഷയ്‌ക്കെതിരായി സമര്‍പ്പിച്ച അപ്പീലില്‍ വാദം പൂര്‍ത്തിയാകുന്നത് വരെ ശിക്ഷ റദ്ദ് ചെയ്‌ത് കൊണ്ടുള്ള ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് എംഎല്‍എ സ്ഥാനത്ത് നിന്നുള്ള അയോഗ്യത സ്‌പീക്കര്‍ പിന്‍വലിച്ചു. 182 അംഗങ്ങളുള്ള ഗുജറാത്ത് നിയമസഭയില്‍ 2017ലെ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 99 സീറ്റും കോണ്‍ഗ്രസിന് 77 സീറ്റുമാണ് ലഭിച്ചത്.