ബെംഗളൂരു: വോട്ടര്‍മാരുടെ വ്യക്തിവിവരങ്ങള്‍ അനധികൃതമായി ശേഖരിച്ചുവെന്ന ചിലുമേ സംഘടനയുടെ കേസിന് പിന്നാലെ ബെംഗളൂരുവില്‍ സമാനമായ മറ്റൊരു കേസുകൂടി. വോട്ടര്‍മാരുടെ വിവരങ്ങള്‍ സ്ഥാനാര്‍ഥികള്‍ക്ക് വില്‍ക്കുന്ന ഒരു കമ്പനി നഗരത്തില്‍ പ്രവർത്തിക്കുന്നതായാണ് പൊലീസ് നല്‍കുന്ന വിവരം. എന്നാല്‍ കമ്പനിയെ സംബന്ധിച്ച് പേരടക്കമുള്ള വിവരങ്ങള്‍ പെലീസ് വെളിപ്പെടുത്തിയിട്ടില്ല.
പണം നല്‍കിയാല്‍ സ്ഥാനാര്‍ഥിക്ക് അവര്‍ നിര്‍ദേശിക്കുന്ന മണ്ഡലത്തിലെ വോട്ടര്‍മാരുടെ വിവരങ്ങള്‍ കമ്പനി ലഭ്യമാക്കും. 25,000 രൂപയാണ് കമ്പനി വോട്ടര്‍മാരുടെ വിവരങ്ങള്‍ക്കായി സ്ഥാനാര്‍ഥികളില്‍ നിന്ന് വാങ്ങുന്നത്. ദശലക്ഷക്കണക്കിന് വോട്ടര്‍മാരുടെ വിവരങ്ങള്‍ 25,000 രൂപയ്‌ക്ക് വില്‍ക്കുന്ന കമ്പനിക്കും കമ്പനിയുടെ വെബ്‌സൈറ്റിനുമെതിരെ സൗത്ത് ഈസ്റ്റ് ഡിവിഷനിലെ സൈബർ ക്രൈം സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തതായി പൊലീസ് അറിയിച്ചു.
പ്രസ്‌തുത കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് പൊലീസ് നല്‍കുന്ന വിവരം ഇങ്ങനെയാണ്. വോട്ടർമാരുടെ മുഴുവൻ വിവരങ്ങളും ശേഖരിക്കുകയായിരുന്നു കമ്പനി ആദ്യം ചെയ്‌തത്. പിന്നീട് പ്രത്യേക വെബ്‌സൈറ്റ് വഴി വോട്ടർമാരുടെ പേര്, വിലാസം, ജാതി, കഴിഞ്ഞ തവണ തെരഞ്ഞെടുപ്പില്‍ ഏത് പാർട്ടിയെ പിന്തുണച്ചു, ഇത്തവണ ഏത് പാർട്ടിയെ പിന്തുണയ്ക്കും തുടങ്ങിയ വിവരങ്ങൾ ആവശ്യക്കാരായ സ്ഥാനാർഥികൾക്ക് നൽകി. കമ്പനി തങ്ങളുടെ വെബ്‌സൈറ്റിൽ വോട്ടർമാരുടെ മൊബൈൽ നമ്പറും നൽകിയിരുന്നു. 25,000 രൂപ കൊടുത്താൽ വെബ്‌സൈറ്റിന്‍റെ ലോഗിൻ ഐഡി നല്‍കും.
വെബ്സൈറ്റ് വഴി ആവശ്യമുള്ള വോട്ടര്‍മാരുടെ വിവരങ്ങള്‍ സ്ഥാനാര്‍ഥികള്‍ക്ക് ശേഖരിക്കാം. ഏകദേശം ആറ് ലക്ഷം വോട്ടർമാരുടെ വിവരങ്ങൾ ഈ കമ്പനിയുടെ പക്കലുണ്ട്. ഇത് ഒരു പ്രത്യേക മണ്ഡലത്തിലെ വോട്ടർ പട്ടികയാണോ അതോ മറ്റേതെങ്കിലും മണ്ഡലത്തിലെ വോട്ടര്‍മാരുടെ വിവരമാണോയെന്ന് അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
'ഈ വെബ്സൈറ്റ് തുറക്കുമ്പോൾ തന്നെ സ്ഥാനാര്‍ഥികൾക്ക് സ്വാഗത സന്ദേശം ലഭിക്കും. തുടർന്ന് 25,000 രൂപ സേവന ഫീസായി ഈടാക്കി മണ്ഡലത്തിലെ വോട്ടർമാരെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കുന്നു. തെരഞ്ഞെടുപ്പിൽ വിജയിക്കാൻ ആവശ്യമായ വോട്ടർമാരുടെ വിവരങ്ങള്‍ വാഗ്‌ദാനം ചെയ്‌ത് യഥാര്‍ഥത്തില്‍ സ്ഥാനാര്‍ഥികളെ കുരുക്കിയിരിക്കുകയാണ്. കൂടാതെ ഇവരുമായി ഇടപാട് നടത്തിയ സ്ഥാനാര്‍ഥി തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ സേവന ഫീസായി ഈടാക്കിയ പണം തിരികെ നല്‍കുമെന്നും കമ്പനി പറയുന്നു' -പൊലീസ് വ്യക്തമാക്കി.
രാജു എന്ന സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ പരാതിയിലാണ് സൗത്ത് ഈസ്റ്റ് ഡിവിഷനിലെ സൈബര്‍ പൊലീസ് കമ്പനിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്. തെരഞ്ഞെടുപ്പ് സര്‍വേ നടത്തിയത് കമ്പനിയാണോ, എങ്ങനെ ഇത്രയും വിവരങ്ങള്‍ ലഭിച്ചു, പിന്നില്‍ മറ്റാരെങ്കിലും ഉണ്ടോ എന്നതടക്കമുള്ള കാര്യങ്ങളില്‍ അന്വേഷണം നടക്കുകയാണ്. കഴിഞ്ഞ വര്‍ഷം വോട്ടര്‍മാരുടെ വിവരങ്ങള്‍ അനധികൃതമായി ശേഖരിച്ചതിന് ചിലുമേ എന്ന സംഘടനക്കെതിരെ കേസെടുത്തിരുന്നു. സംഭവത്തില്‍ മുഖ്യപ്രതി ചിലുമേ എജുക്കേഷണൽ കൾച്ചറൽ ആൻഡ് റൂറൽ ഡെവലപ്‌മെന്‍റ് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ സഹസ്ഥാപകനായ കൃഷ്‌ണപ്പ രവികുമാറിനെ പൊലീസ് അറസ്റ്റ് ചെയ്‌തു.
Also Read: ബെലഗാവിയില്‍ 'പെണ്‍പോരാട്ടം'; വനിത സ്ഥാനാര്‍ഥികളെ കൊണ്ട് ശ്രദ്ധേയം, കൂട്ടിയും കിഴിച്ചും മുന്നണികള്‍