ബെംഗളൂരു : നിരവധി കവര്‍ച്ചാക്കേസുകളില്‍ പ്രതിയായ കാര്‍ത്തിക് കുമാര്‍ (32) ബെംഗളൂരുവില്‍ പിടിയില്‍. 80 കേസുകള്‍ ഇയാള്‍ക്കെതിരെ നിലവിലുണ്ട്. അതിലേറെ കവര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം. 17-ാം തവണയാണ് ഇയാള്‍ അറസ്റ്റിലാകുന്നത്. നേരത്തെ രണ്ട് തവണ ജയില്‍ ചാടിയിട്ടുമുണ്ട്. ഒടുവില്‍ കാമാക്ഷിപാളയയിൽ നിന്ന് ശനിയാഴ്ചയാണ് പൊലീസ് വലയിലായത്.
ഇയാളിൽ നിന്ന് 11.43 ലക്ഷത്തിന്‍റെ സ്വർണാഭരണങ്ങള്‍ പിടിച്ചെടുത്തു. പൊലീസില്‍ നിന്നും ജയിലില്‍ നിന്നും രക്ഷപ്പെടുന്നതിനാല്‍'എസ്‌കേപ്പ് കാര്‍ത്തിക്കെ'ന്ന വട്ടപ്പേരിലാണ് ഇയാള്‍ അറിയപ്പെടുന്നത്. 2008, 2010 വര്‍ഷങ്ങളില്‍ ജയിലില്‍ നിന്ന് കടന്നുകളഞ്ഞിരുന്നു. 2008 ൽ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ നിന്നും രക്ഷപ്പെട്ട ഇയാളെ 45 ദിവസത്തിന് ശേഷമാണ് പിടികൂടിയത്.
2005ൽ പതിനാറാം വയസിലാണ് ആദ്യമായി പൊലീസ് പിടിയിലാവുന്നത്. ഓരോ കേസിലും ജാമ്യത്തിൽ പോകുന്ന സമയത്ത് വീണ്ടും മോഷണം നടത്തുന്നത് പതിവാണ്. ഓട്ടം, ചാട്ടം, മതിലുകയറ്റം എന്നിവയില്‍ പ്രത്യേക കഴിവുള്ളത് പ്രതിയ്‌ക്ക് കുറ്റകൃത്യങ്ങൾ ചെയ്യാനും രക്ഷപ്പെടാനും സഹായകരമാണെന്ന് പൊലീസ് പറയുന്നു.