ബെംഗളൂരു: അപകടങ്ങള്‍ വര്‍ധിച്ചതോടെ ബെംഗളൂരു-മൈസൂർ എക്‌സ്പ്രസ് വേയിലെ (എന്‍എച്ച് 275) പ്രധാന പാതയില്‍ ഇരുചക്ര വാഹനങ്ങള്‍ അടക്കമുള്ളവയ്‌ക്ക് നിരോധനം ഏര്‍പ്പെടുത്തി ദേശീയ പാത അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്എഐ). ഇരുചക്ര വാഹനങ്ങളായ ബൈക്കുകള്‍, സ്‌കൂട്ടറുകള്‍, ഇലക്‌ട്രിക് സ്‌കൂട്ടറുകള്‍, ഇലക്‌ട്രിക് റിക്ഷകള്‍, സൈക്കിളുകള്‍, ട്രാക്‌ടറുകള്‍, മള്‍ട്ടി ആക്‌സില്‍ ഹൈഡ്രോളിക് വാഹനങ്ങള്‍ എന്നിവയ്‌ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്. നിരോധനം ഏര്‍പ്പെടുത്തിയ ഇത്തരം ചെറു വാഹനങ്ങള്‍ക്ക് പ്രധാന പാതക്ക് ഇരുവശവുമുള്ള സര്‍വീസ് റോഡുകള്‍ ഉപയോഗിക്കാം. എന്‍എച്ച് ലാന്‍ഡ് ആന്‍ഡ് ട്രാഫിക് ആക്‌ട് പ്രകാരമുള്ള നിയന്ത്രണം ഓഗസ്റ്റ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.
അപകടം പതിയിരിക്കുന്ന പാത: അടുത്തിടെ പാതയില്‍ അപകടങ്ങള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് പരിശോധന നടത്താനായി പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. സംഘത്തിന്‍റെ പരിശോധന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നിരോധനം ഏര്‍പ്പെടുത്തുന്നത്. പാത അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായി കഴിഞ്ഞ മാര്‍ച്ചിലാണ് യാത്രക്കായി തുറന്ന് നല്‍കിയത്.
അന്നു മുതല്‍ യാത്രക്കാരുടെ സുരക്ഷയെ കുറിച്ച് ആശങ്ക ഉയരുന്നുണ്ട്. ബസ്, ലോറി, കാര്‍ എന്നിവയെ അപേക്ഷിച്ച് ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ വേഗത കുറവാണെന്നും അതാണ് അപകടങ്ങള്‍ പെരുകാന്‍ കാരണം എന്നായിരുന്നു പ്രത്യേക സമിതിയുടെ റിപ്പോര്‍ട്ട്.
അപകടങ്ങളില്‍ പൊലിഞ്ഞത് 123 ജീവനുകള്‍: കെങ്കേരി കുമ്പല്‍ഗോഡ് മുതല്‍ മൈസൂരു റിങ് റോഡ് വരെയുള്ള 118 കിലോമീറ്റര്‍ എക്‌സ്‌പ്രസ് വേ ആറുവരി പാതയാണ്. ഇതില്‍ പ്രധാന പാതയിലെ വാഹനങ്ങളുടെ വേഗ പരിധിയെന്നത് മണിക്കൂറില്‍ 80 മുതല്‍ 100 കിലോമീറ്ററാണ്. കഴിഞ്ഞ അഞ്ച് മാസത്തിനിടെ പാതയിലുണ്ടായ 512 അപകടങ്ങളില്‍ 123 ജീവനുകളാണ് പൊലിഞ്ഞത്. 585 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ പകുതിയിലധികവും ബെംഗളൂരുവിനും മാണ്ഡ്യ നിദ്ദഘട്ടയ്‌ക്കും ഇടയിലാണ്. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് ബെംഗളൂരു- മൈസൂരു എക്‌സ്‌പ്രസ് വേ പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചത്. 8,480 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പിലാക്കിയത്. ഇതോടെ ബെംഗളൂരുവില്‍ നിന്നും മൈസൂരുവിലേക്കുള്ള യാത്ര സമയം ഒന്നര മണിക്കൂറായി കുറഞ്ഞു. ഇത് എക്‌സ്പ്രസ് വേയെ ആശ്രയിക്കുന്ന യാത്രക്കാര്‍ ഏറെ പ്രയോജനകരമാണ്.
ടോള്‍ നല്‍കേണ്ടിവരുമെങ്കിലും ഇന്ധന ചെലവ് കുറയുമെന്നത് യാത്രക്കാര്‍ക്ക് ഏറെ ആശ്വാസമാണ്. എക്‌സ്പ്രസ് വേ വരുന്നതിന് മുമ്പ് ബെംഗളൂരുവില്‍ നിന്നും യാത്രക്കാര്‍ക്ക് മൈസൂരുവിലെത്താന്‍ ഏകദേശം 3.5 മണിക്കൂറോ അതില്‍ കൂടുതലോ വേണമായിരുന്നു. നിദ്ദഘട്ടയ്‌ക്കും മൈസൂരുവിനും ഇടയില്‍ 61 കിലോമീറ്ററും ബെംഗളൂരു മുതല്‍ നിദ്ദഘട്ട വരെ 58 കിലോമീറ്ററുമുള്ള പാത വ്യത്യസ്‌ത രീതിയിലാണ് നിര്‍മിച്ചിരിക്കുന്നത്. ബെംഗളൂരുവിനും മൈസൂരുവിനും ഇടയിലുള്ള ഗതാഗത തടസം ഇല്ലാതാക്കാനും പാത ഏറെ സഹായകമായി.