ബെംഗളൂരു: മൂന്ന് കോടിയുടെ മയക്കുമരുന്നുമായി രണ്ട് നൈജീരിയൻ സ്വദേശികള്‍ പിടിയില്‍. സിക്‌സ്റ്റസ് ഉച്ചെക് (30), ചുക്വുദ്‌ബെം ഹെൻറി (34) എന്നിവരാണ് ശനിയാഴ്‌ച അറസ്‌റ്റിലായത്. രഹസ്യവിവരത്തെത്തുടർന്ന് ഗോവിന്ദപുര സ്‌റ്റേഷൻ, പൊലീസ് ഇൻസ്‌പെക്‌ടര്‍ പ്രകാശിന്‍റെ നേതൃത്വത്തിലാണ് തെരച്ചില്‍ നടന്നത്.
നഗരത്തിലെ ഹൊറമാവില്‍ താമസിക്കുകയായിരുന്നു ഇവര്‍. 1.5 കിലോഗ്രാം എം.ഡി.എം.എ ക്രിസ്റ്റൽ, 120 ഗ്രാം ബ്ലാക്ക് എം.ഡി.എം.എ, 16.5 കിലോഗ്രാം എം.ഡി.എം.എ മിശ്രിത ലായനി, 300 ഗ്രാം വീഡ് ഓയിൽ, കാർ എന്നിവ പിടിച്ചെടുത്തു. വിദ്യാർഥികൾക്കും ഉന്നതര്‍ക്കും വ്യവസായികൾക്കും വിൽക്കുന്നതിനായാണ് ഇരുവരും മയക്കുമരുന്ന് എത്തിച്ചത്.
ALSO READ: മകനെ കൊന്ന് നദീക്കരയിലിട്ട് കത്തിച്ച് മാതാപിതാക്കള്‍; കൃത്യം അമിത മദ്യപാനത്തെ തുടര്‍ന്ന്
1985ലെ സെക്ഷൻ എട്ട് (സി), 22 (സി) എൻ.ഡി.പി.എസ് ആക്‌ട് പ്രകാരമാണ് പൊലീസ് പ്രതികൾക്കെതിരെ കേസെടുത്തത്. ദ്രുതഗതിയിലുള്ള പ്രവർത്തനത്തിന് ഇൻസ്പെക്ടർ പ്രകാശിനും സംഘത്തിനും ഡി.സി.പി പാരിതോഷികവും പ്രഖ്യാപിച്ചു.