ബെംഗളൂരു : കർണാടകയില്‍ 70കാരിയായ അമ്മയെ കൊലപ്പെടുത്തി മകൾ. മൈക്കോ ലേഔട്ടില്‍ താമസിക്കുന്ന ബീവ പോളിനെയാണ് മകള്‍ സെനാലി സെന്‍ (39) കൊലപ്പെടുത്തിയത്. ക്രൂരകൃത്യത്തിന് ശേഷം മൃതദേഹം സ്യൂട്ട്കേസിലാക്കി പൊലീസ് സ്റ്റേഷനിലെത്തിച്ച് പ്രതി കീഴടങ്ങി.
ഇന്നലെ രാത്രിയാണ് പ്രതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. കൊൽക്കത്ത സ്വദേശിയായ സെനാലിയും കുടുംബവും ആറ് വർഷത്തോളമായി മൈക്കോ ലേഔട്ടിലെ സ്വകാര്യ അപ്പാർട്ട്‌മെന്‍റിലാണ് താമസിക്കുന്നത്. മാസ്റ്റർ ഓഫ് ഫിസിയോതെറാപ്പി പഠിച്ച സെനാലിക്ക് ഒരു മകനുമുണ്ട്. ഭര്‍ത്താവും അമ്മായിയമ്മയുമടക്കം ഈ അപ്പാര്‍ട്ട്‌മെന്‍റിലാണ് യുവതി കഴിഞ്ഞിരുന്നത്.
സെനാലിയുടെ പിതാവിന്‍റെ മരണ ശേഷമാണ് അമ്മയെ ബെംഗളൂരുവിലേക്ക് കൊണ്ടുവന്നത്. യുവതിയുടെ അമ്മയും അമ്മായിയമ്മയും ദിവസവും വഴക്കിട്ടിരുന്നതായി പറയപ്പെടുന്നു. ഇതിൽ മനം മടുത്ത സെനാലി അമ്മയ്ക്ക് ഉറക്കഗുളിക നൽകി. തുടര്‍ന്ന് രാത്രി 11 മണിയോടെ വയോധികയ്‌ക്ക് വയറുവേദന അനുഭവപ്പെട്ടു. തുടർന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
പിന്നീട് മൃതദേഹം സ്യൂട്ട്‌കേസിനുള്ളിലാക്കി ഒപ്പം അച്ഛന്‍റെ ഫോട്ടോയും വച്ചു. പിന്നീട് ഒരു ക്യാബ് ബുക്ക് ചെയ്‌ത് മൈക്കോ ലേഔട്ട് പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.
ഗുജറാത്തില്‍ അമ്മയെ കൊലപ്പെടുത്തി മകന്‍ ആത്മഹത്യ ചെയ്‌തു : വയോധികയായ അമ്മയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്‌ത് മകന്‍. ഇക്കഴിഞ്ഞ ഏപ്രില്‍ മൂന്നിനാണ് വാര്‍ത്ത പുറത്തുവന്നത്. ദീര്‍ഘകാലമായി അസുഖത്താല്‍ ബുദ്ധിമുട്ടുന്ന 80കാരിയായ അമ്മയെ കൊലപ്പെടുത്തിയ ശേഷമാണ് ഇയാള്‍ ആത്മഹത്യ ചെയ്‌തത്. അതേസമയം ഈ ക്രൂരകൃത്യം നടത്തിയ ശേഷം സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ട വീഡിയോയില്‍ ഇയാള്‍ ബന്ധുക്കളോട് മാപ്പ് അപേക്ഷിച്ചിരുന്നു.
സംഭവത്തെക്കുറിച്ച് പൊലീസ് : രാജ്‌കോട്ടിലെ കോത്താരി പ്രദേശത്തുള്ള ഘന്‍ശ്യാം നഗരത്തിലാണ് സംഭവം. സിക്കന്ദര്‍ ലിങ്‌ഡിയ എന്നയാളുടെ മാതാവ് ആമിനബെന്‍ ലിങ്‌ഡിയ ദീര്‍ഘകാലമായി രോഗത്തെ തുടര്‍ന്ന് കിടപ്പിലായിരുന്നു. അസുഖത്തെ തുടര്‍ന്നുള്ള അമ്മയുടെ സ്ഥിതിയില്‍ സിക്കന്ദര്‍ ഏറെ അസ്വസ്ഥനായിരുന്നു. അമ്മയെ തുടര്‍ന്നും അസുഖത്തിന് വിട്ടുകൊടുത്ത് ബുദ്ധിമുട്ടിക്കരുതെന്ന് ചിന്തിച്ച് ഇയാള്‍ ആമിനബെന്‍ ലിങ്‌ഡിയയ്‌ക്ക് വിഷം നല്‍കി കൊലപ്പെടുത്തുകയായിരുന്നു.
വിഷം ഉള്ളില്‍ ചെന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇവര്‍ മരിച്ചത്. തൊട്ടുപിന്നാലെ അമ്മയില്ലാതെ മുന്നോട്ടുപോവാനാവില്ലെന്ന് തിരിച്ചറിഞ്ഞ് ഇയാള്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. ആത്മഹത്യചെയ്യുന്നതിന് മുമ്പ് ഇയാള്‍ ഒരു വീഡിയോയും സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിരുന്നു.
മാപ്പ് അപേക്ഷയ്‌ക്ക് പിന്നാലെ ആത്മഹത്യ : തങ്ങള്‍ ഇരുവര്‍ക്കും ഇനിയും മുന്നോട്ട് ജീവിക്കാനാവില്ല. അമ്മയെ തനിച്ചാക്കി പോവാന്‍ പറ്റാത്തതിനാല്‍ ഞാന്‍ അവരെയും എന്‍റെ ഒപ്പം കൂട്ടുകയാണ്. ഞാന്‍ ഈ ലോകം വിട്ട് പോയാല്‍ അവരെ പിന്നെ ആര് പരിപാലിക്കും ?. അതുകൊണ്ട് അമ്മയെ ഞാന്‍ കൂടെ കൂട്ടുന്നു എന്ന് അയാള്‍ സമൂഹമാധ്യമങ്ങള്‍ വഴി പങ്കുവച്ച വീഡിയോയിലൂടെ അറിയിച്ചു.
സഹോദരനും മരുമകനും വേണ്ടി തനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെന്നും ദയവായി തന്നോട് ക്ഷമിക്കണമെന്നും ഇയാള്‍ വീഡിയോയില്‍ മാപ്പപേക്ഷയും നടത്തിയിരുന്നു. ഈ വീഡിയോ വൈറലായതോടെ സംഭവത്തില്‍ രാജ്‌കോട്ടിലെ ഭക്തിനഗർ പൊലീസ് കേസെടുത്തു.