ബെംഗളൂരു : നഗരത്തിൽ മൂന്ന് നില കെട്ടിടം തകർന്നുവീണ സംഭവത്തിൽ ഉടമ സുരേഷിനെതിരെ കേസ്. ഇയാള്‍ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. വിൽസൺ ഗാർഡന് സമീപം ലക്കസാന്ദ്രയിൽ തിങ്കളാഴ്‌ച രാവിലെ 11.30ഓടെയാണ് കെട്ടിടം നിലംപൊത്തിയത്. അപകടത്തിൽ ആളപായം റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല.
മെട്രോ തൊഴിലാളികളാണ് കെട്ടിടത്തിൽ വാടകയ്‌ക്ക് താമസിച്ചിരുന്നത്. പാര്‍പ്പിടസമുച്ചയത്തില്‍ വിള്ളലുകൾ ഉണ്ടായിരുന്നുവെന്നും എന്നാൽ ഉടമ ഇത് അവഗണിക്കുകയായിരുന്നുവെന്നും തൊഴിലാളികൾ പറയുന്നു.
ALSO READ: "തിരുത്തല്‍ പ്രതീക്ഷിക്കുന്നു", അനുനയനീക്കവുമായി താരിഖ് അൻവർ: വിട്ടുവീഴ്‌ചയില്ലാതെ സുധീരൻ
കെട്ടിടം വീഴാൻ പോകുന്നുവെന്ന് സംശയം തോന്നിയ തൊഴിലാളികൾ പുറത്തേക്ക് ഓടി രക്ഷപ്പെട്ടതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. കെട്ടിടത്തിന് പുറത്തുവന്ന തൊഴിലാളികൾ തുടർന്ന് അഗ്നിശമന സേന പ്രവർത്തകരെ വിവരം അറിയിച്ചു.
1962ലാണ് സുരേഷിന്‍റെ പിതാവ് നഞ്ചപ്പ കെട്ടിടം നിർമിച്ചത്. തുടർന്ന് സുരേഷിന് ഉടമസ്ഥത ലഭിക്കുകയായിരുന്നു. ഇയാൾക്കുവേണ്ടിയുള്ള തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി.