കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ യുവ ബിജെപി നേതാവിനെ വെടിവെച്ചു കൊന്നു. വടക്കന്‍ ദിനാജ്‌പൂര്‍ ജില്ലയിലെ ഇത്തഹാറിലെ യുവ ബിജെപി നേതാവ് മിഥുന്‍ ഘോഷിനെയാണ് രാജ്‌ഗ്രാം ഗ്രാമത്തിലെ വീടിന് മുന്നില്‍ വെച്ച് അജ്ഞാതര്‍ വെടിവെച്ചു കൊന്നത്. തൃണമൂല്‍ ഗുണ്ടകളാണ് കൊലപാതകത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചതിന് പിന്നാലെ ആരോപണം നിഷേധിച്ച് തൃണമൂല്‍ കോൺഗ്രസ് നേതൃത്വം രംഗത്തെത്തി.
ഞായറാഴ്‌ച രാത്രി 11 മണിയോടെ ഘോഷ് രാജ്‌ഗ്രാം ഗ്രാമത്തിലെ വീടിന് മുന്നില്‍ നില്‍ക്കുമ്പോഴായിരുന്നു സംഭവം. രണ്ട് മോട്ടോര്‍ ബൈക്കുകളിലെത്തിയ അജ്ഞാതരായ അക്രമിസംഘം തൊട്ടടുത്ത് നിന്ന് ഘോഷിന്‍റെ വയറ്റിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. ഇയാളെ ഉടന്‍ തന്നെ റായ്‌ഗഞ്ച് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ വെച്ച് മരണം സംഭവിക്കുകയായിരുന്നു.
ഘോഷിന്‍റെ മരണം ദിനാജ്‌പൂരില്‍ വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. മിഥുന്‍ ഘോഷിന് മുന്‍പും നിരവധി തവണ തൃണമൂല്‍ ഗുണ്ടകളുടെ ഭീഷണിയുണ്ടായിരുന്നെന്നും പൊലീസില്‍ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും ബിജെപി ഉത്തര്‍ ദിനാജ്‌പൂര്‍ ജില്ല പ്രസിഡന്‍റ് ബസുദേബ് സര്‍ക്കാര്‍ പറഞ്ഞു. വിഷയത്തില്‍ നിയമപരമായി നീങ്ങുമെന്നും നീതി ലഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം തൃണമൂല്‍ കോണ്‍ഗ്രസിന് സംഭവവുമായി യാതൊരു ബന്ധവുമില്ലെന്ന് ഇറ്റഹാര്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ മൊഷറഫ് ഹൊസൈന്‍ പറഞ്ഞു.
ALSO READ: തമിഴ്‌നാട് മുന്‍ മന്ത്രി സി. വിജയഭാസ്‌കറിന്‍റെ വീട്ടില്‍ റെയ്‌ഡ്