യമുനാനഗര്‍: 110 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ഹരിയാനയിലെ കലേഷര്‍ ദേശീയോദ്യാനത്തില്‍ നിന്നും ബംഗാള്‍ കടുവയെ കണ്ടെത്തി. നേരത്തെ 1913ലാണ് ബംഗാള്‍ കടുവയെ കലേഷര്‍ ദേശീയോദ്യാനത്തില്‍ ചുറ്റിത്തിരിയുന്നതായി കണ്ടെത്തിയത്. ഏപ്രില്‍ 18 രാത്രി 11.45നും ഏപ്രില്‍ 19 പുലര്‍ച്ചെ 2.46നും കടുവ ചുറ്റിത്തിരിയുന്നതിന്‍റെ ദൃശ്യങ്ങള്‍ വനം വകുപ്പ് സ്ഥാപിച്ച ക്യാമറയില്‍ പതിയുകയായിരുന്നു.
കടുവയുടെ സാന്നിധ്യം ക്യാമറയില്‍ കണ്ട വിവരം വനത്തിലെ സുരക്ഷ ഉദ്യോഗസ്ഥര്‍ മുതിര്‍ന്ന വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. കടുവയുടെ രണ്ട് ദൃശ്യങ്ങളും നിലവില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. എന്നാല്‍, കടുവയെക്കുറിച്ചുള്ള വാര്‍ത്തകള്‍ വെറും കിംവദന്തികളാണെന്നാണ് നെറ്റിസണ്‍സിലെ ഒരു വിഭാഗത്തിന്‍റെ വാദം.
സന്തോഷം പങ്കുവച്ച് വനം മന്ത്രി: കഴിഞ്ഞ ദിവസം ഹരിയാനയിലെ വനം വകുപ്പ് മന്ത്രി കന്‍വര്‍ പാള്‍ സമൂഹമാധ്യമങ്ങള്‍ വഴി കടുവയുടെ ചിത്രം പങ്കുവച്ചതോടെ കിംവദന്തികള്‍ക്ക് വിരാമമായിരിക്കുകയാണ്. നീണ്ട ഇടവേളയ്‌ക്ക് ശേഷം ബംഗാള്‍ കടുവയെ കണ്ടെത്തിയതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ടെന്ന് മന്ത്രി കന്‍വര്‍ പാള്‍ പറഞ്ഞു.
'യമുനാനഗര്‍ കലേഷര്‍ ദേശീയോദ്യാനത്തെ ഒരു പ്രധാന വിനേദസഞ്ചാര കേന്ദ്രമായി മാറ്റുവാനുള്ള പരിശ്രമത്തിലാണ്. പാര്‍ക്കിന്‍റെ വികസനത്തിനായി 12 കോടി രൂപയാണ് ചിലവഴിച്ചത്. വിനോദസഞ്ചാരികള്‍ ദേശീയോദ്യാനം ഉടന്‍ സന്ദര്‍ശിക്കുവാന്‍ ആരംഭിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. വന്യമൃഗങ്ങളെ ശരിയായ തരത്തില്‍ സംരക്ഷിക്കുന്നു എന്നതിന്‍റെ തെളിവാണ് 110 വര്‍ഷങ്ങള്‍ക്ക് ശേഷം ബംഗാള്‍ കടുവയെ കണ്ടെത്തിയതെന്ന്' മന്ത്രി പറഞ്ഞു.
പ്രദേശത്തെ വിനേദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി ഹത്തികുണ്ട് പ്രദേശത്തും ദേശീയോദ്യാനത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. യമുനാനഗർ കലേഷര്‍ ദേശീയോദ്യാനം ഉത്തരാഖണ്ഡിലെ ജിം കോർബറ്റ് ദേശീയോദ്യാനം വരെ വ്യാപിച്ചുകിടക്കുന്നു. പാർക്കിന്‍റെ ചില ഭാഗങ്ങള്‍ ഹിമാചൽ പ്രദേശിലെ വനത്തെ ബന്ധപ്പിക്കുന്നു.
പ്രധാനമായും ഇന്ത്യയിലും ബംഗ്ലാദേശിലും കാണപ്പെടുന്ന കടുവകളുടെ ഉപവിഭാഗമാണ് ബംഗാള്‍ കടുവ. കൂടാതെ ഇവ നേപ്പാള്‍, ഭൂട്ടാന്‍, മ്യാന്മാര്‍ എന്നിവിടങ്ങളിലും കാണപ്പെടുന്നു. ഏറ്റവുമധികം വംശനാശ ഭീഷണി നേരിടുന്ന മൃഗമാണ് ഇത്. 100 വര്‍ഷത്തിന് മുമ്പ് ഒരു ലക്ഷത്തോളം ഉണ്ടായിരുന്ന ഇന്ത്യയിലെ ബംഗാള്‍ കടുവകള്‍ ഇന്ന് വളരെ ചുരുക്കം മാത്രമാണ് അവശേഷിച്ചിട്ടുള്ളത്.