കൊൽക്കത്ത : അധ്യാപക നിയമന അഴിമതി കേസിൽ അന്വേഷണവുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് (ഇഡി) ശനിയാഴ്‌ച (ജൂലൈ 23) അറസ്റ്റ് ചെയ്‌ത പശ്ചിമ ബംഗാൾ മന്ത്രി പാര്‍ഥ ചാറ്റര്‍ജിയെ ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് സെക്രട്ടറി ജനറൽ കൂടിയായ ചാറ്റര്‍ജിയെ സിറ്റി കോടതി രണ്ട് ദിവസത്തെ ഇഡി കസ്റ്റഡിയിൽ റിമാൻഡ് ചെയ്‌ത് മണിക്കൂറുകൾക്കകമാണ് ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ഇദ്ദേഹത്തെ എസ്.എസ്.കെ.എം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് അദ്ദേഹത്തെ ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് സ്ഥിതി അൽപ്പം മെച്ചപ്പെട്ടതോടെ വാര്‍ഡിലേക്ക് മാറ്റിയതായും ആശുപത്രി അധികൃതർ അറിയിച്ചു. ഇസിജി ഉൾപ്പടെ പലവിധ പരിശോധനകൾ നടത്തി.
നിലവിൽ ചാറ്റർജിയുടെ ആരോഗ്യനിലയിൽ പുരോഗതിയുള്ളതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഡോക്‌ടർമാരുടെ ഒരു സംഘം അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതി സൂക്ഷ്‌മമായി നിരീക്ഷിച്ചുവരികയാണ്. മന്ത്രിയുടെ മുറിക്ക് പുറത്ത് സുരക്ഷ ഉദ്യോഗസ്ഥരെ വിന്യസിച്ചതായും അധികൃതർ കൂട്ടിച്ചേർത്തു.
കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് പാര്‍ഥ ചാറ്റര്‍ജിയെ ഇഡി അറസ്റ്റ് ചെയ്‌തത്. മന്ത്രിയുടെ അടുത്ത അനുയായിയായ അര്‍പിത മുഖര്‍ജിയുടെ പക്കല്‍ നിന്ന് 20 കോടി രൂപ പിടിച്ചെടുത്തതിന് പിന്നാലെയാണ് നടപടി. പശ്ചിമ ബംഗാള്‍ സ്‌കൂള്‍ സർവീസ് കമ്മിഷനും പശ്ചിമ ബംഗാള്‍ പ്രാഥമിക വിദ്യാഭ്യാസ ബോര്‍ഡും നടത്തിയ അധ്യാപക നിയമനത്തിലെ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട കേസിലായിരുന്നു അറസ്റ്റ്.