കൊല്‍ക്കത്ത: ബംഗാളിലെ ഡാർജിലിങ് പത്മജ നായിഡു ഹിമാലയൻ സുവോളജിക്കൽ പാർക്കിന് പുരസ്‌കാരം. രാജ്യത്തെ മികച്ച മൃഗശാലയ്‌ക്കുള്ള സെൻട്രൽ സൂ അതോറിറ്റിയുടേതാണ് ഈ അംഗീകാരം. ഭൂവനേശ്വറിൽ നടന്ന ദേശീയ മൃഗശാല ഡയറക്‌ടർമാരുടെ യോഗത്തില്‍ വച്ചാണ് പ്രഖ്യാപനം.
മൃഗശാലകളുടെ നടത്തിപ്പ് സംബന്ധിച്ചതടക്കം എല്ലാ കാര്യങ്ങളും വിലയിരുത്തിയ ശേഷമാണ് അവാര്‍ഡ് നിര്‍ണയിച്ചത്. സംസ്ഥാനത്തെ എല്ലാ മൃഗശാലകളും മികച്ച പ്രകടനമാണ് കാഴ്‌ചവച്ചതെന്നും ഡാർജിലിങ് മൃഗശാലയ്ക്കുള്ള പ്രത്യേക പരാമർശത്തില്‍ സന്തോഷമുണ്ടെന്നും വനംവകുപ്പ് മന്ത്രി ജ്യോതിപ്രിയോ മുള്ളിക് പറഞ്ഞു.
ഡാർജിലിങ് സുവോളജിക്കല്‍ പാര്‍ക്കിന് ഒരു സവിശേഷത കൂടിയുണ്ട്. റെഡ് പാണ്ടയുടെ പ്രജനനം അവിടെ നന്നായി നടക്കുന്നുണ്ട്. മറ്റ് മൃഗങ്ങളുടെ എണ്ണവും ഗണ്യമായി വർധിക്കുന്നുണ്ട്. മുഖ്യമന്ത്രി മമത ബാനർജി പ്രകൃതി, മൃഗ സംരക്ഷണത്തിന് വളരെയധികം പ്രാധാന്യമാണ് നല്‍കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ബംഗാളിലെ അലിപൂർ സുവോളജിക്കൽ ഗാർഡനാണ് സംസ്ഥാനത്ത് രണ്ടാമത് അംഗീകാരം ലഭിച്ചത്. എല്ലാ വിഭാഗങ്ങളെയും വിലയിരുത്തുമ്പോള്‍ രാജ്യത്ത് നാലാം സ്ഥാനമാണ് ഈ മൃഗശാലയ്‌ക്ക്.