ന്യൂഡല്‍ഹി: 2025ന് മുന്‍പ് റോഡ് അപകടങ്ങളും അത് മൂലമുള്ള മരണങ്ങളും 50 ശതമാനം കുറയ്‌ക്കുകയാണ് സര്‍ക്കാറിന്‍റെ ലക്ഷ്യമെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്‌കരി. വിഗ്യാന്‍ ഭവനില്‍ നടന്ന ദേശീയ റോഡ് സുരക്ഷാ മാസാചരണം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു കേന്ദ്ര ഗതാഗത മന്ത്രി. 2030 വരെ കാത്തിരിക്കുകയാണെങ്കില്‍ ഏഴ് ലക്ഷത്തോളം ജനങ്ങള്‍ മരിക്കുമെന്നും ആയതിനാല്‍ 2025ന് മുന്‍പ് തന്നെ റോഡപകടങ്ങളും അത് മൂലമുള്ള മരണങ്ങളും കുറയ്‌ക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങും ഗതാഗത മന്ത്രി നിതിന്‍ ഗഡ്‌ഗരിയും ചേര്‍ന്നാണ് പരിപാടി ഉദ്‌ഘാടനം ചെയ്‌തത്. ഗതാഗത സഹമന്ത്രി വി കെ സിങ്, നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത് എന്നിവരും പങ്കെടുത്തു. ഈ മാസം റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട സിനിമ പുറത്തിറക്കുന്നതാണ്. കൂടാതെ സേഫ് സ്‌പീഡ് ചലഞ്ചിന്‍റെ ഭാഗമായി വാഗാ അതിര്‍ത്തി മുതല്‍ കന്യാകുമാരി വരെ സംഘടിപ്പിക്കുന്ന ദേശീയ ചാമ്പ്യന്‍ഷിപ്പിന്‍റെ ഫ്ലാഗ് ഓഫ് ചടങ്ങും ഈ മാസം നടത്തുമെന്നും ഗതാഗത മന്ത്രാലയത്തിന്‍റെ ഇന്നലെ പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറയുന്നു.