കണ്ണൂർ: തൊഴിൽ ശാലയിൽ എല്ലാവർക്കും വേണ്ടി അന്നത്തെ വർത്തമാന പത്രം ഒരാൾ വായിച്ചു നൽകുകയാണ്... കാഴ്‌ചയിലും കേൾവിയിലും പോലും അന്യമാകുന്ന ആ പത്രവായന ഇന്നുമുണ്ട്, കണ്ണൂർ ജില്ലയിലെ കരിവെള്ളൂരിലെ ബീഡി കമ്പനിയില്‍. പലവിധ കാരണങ്ങളാൽ ബീഡി വ്യവസായം ഇന്ന് വെല്ലുവിളികൾ നേരിടുകയാണ്. ആ വെല്ലുവിളികളെ നേരിട്ടുകൊണ്ടു തന്നെ ബീഡി കമ്പനിയും, കമ്പനിയിലെ പത്ര വായനയും ഇന്നും തനിമ ചോരാതെ നിലനിൽക്കുന്നു.
1969ലാണ് ഈ കമ്പനി നിലവിൽ വന്നത്. അന്ന് തൊട്ട് ഇന്നോളം തൊഴിലാളികളിൽ ഒരാൾ മുടങ്ങാതെ രാവിലെ മൈക്കിലൂടെ പത്രം വായിക്കും. ഒരു മണിക്കൂർ നീണ്ട പത്ര വായന. കമ്പനിയിലെ മുഴുവൻ തൊഴിലാളികളും ആ വായനയിലൂടെ ലോകത്തെ അറിയും.
ടെലിവിഷന്‍റെയും തുടർന്നുവന്ന സമൂഹമാധ്യമങ്ങളുടെയുമൊക്കെ കാലത്ത് പത്രവായന ശീലം കുത്തനെ ഇടിഞ്ഞപ്പൊഴും ബീഡി ഇലകൾ വെട്ടിയൊതുക്കി പുകയിലപ്പൊടി നിറച്ച് നൂലുകെട്ടുന്ന ഈ തൊഴിലാളികൾ പ്രഭാതത്തിലെ പത്രവായനയെ മുറുകെ പിടിച്ചു. കണ്ണൂർ ജില്ലയിലെ കമ്യൂണിസ്റ്റ് ഗ്രാമങ്ങളെ രാഷ്‌ട്രീയ പ്രബുദ്ധമാക്കിയതിൽ ഈ പത്ര വായനയും വലിയ പങ്ക് വഹിച്ചിട്ടുണ്ട് എന്നതാണ് യാഥാർഥ്യം.