ന്യൂഡല്‍ഹി : ഗുജറാത്ത് വംശഹത്യ പ്രമേയമായി പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയുള്ള ബിബിസി ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അനുമതി നിഷേധിച്ച് ജാമിയ മിലിയ ഇസ്‌ലാമിയ സര്‍വകലാശാല (ജെഎംഐ). ക്യാമ്പസിനകത്ത് വിദ്യാര്‍ഥികളുടെ യോഗമോ, ഏതെങ്കിലും തരത്തിലുള്ള സിനിമ പ്രദര്‍ശനമോ അനുവദിക്കില്ലെന്ന് സര്‍ക്കുലറിലൂടെയാണ് അധികൃതര്‍ അറിയിച്ചത്. ബുധനാഴ്‌ച വൈകുന്നേരം ആറിന് ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കാനിരിക്കെയാണ് നടപടി. ഇതിന്‍റെ ഭാഗമായി എസ്‌എഫ്ഐയുടെ നാല് പ്രവര്‍ത്തകരെ ഡല്‍ഹി പൊലീസ് കരുതല്‍ തടങ്കലിലാക്കിയിട്ടുണ്ട്.
സര്‍വകലാശാല പറയുന്നത് : 'മൈതാനമോ കവാടമോ ഉള്‍പ്പടെയുള്ള ക്യാമ്പസ് പരിസരത്ത് അധികാരികളുടെ അനുമതിയില്ലാതെ വിദ്യാര്‍ഥികളുടെ യോഗമോ കൂടിച്ചേരലുകളോ അനുവദിക്കില്ല. ഇത് ലംഘിക്കുന്ന സംഘാടകര്‍ക്കെതിരെ കര്‍ശനമായ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് വീണ്ടും ആവര്‍ത്തിക്കുന്നു' - വെന്നാണ് ജെഎംഐ സര്‍വകലാശാല പുറത്തുവിട്ട സര്‍ക്കുലറിലുള്ളത്. ഫാക്കല്‍റ്റികള്‍, ഡിപ്പാര്‍ട്ട്‌മെന്‍റ് മേധാവികള്‍, പഠനകേന്ദ്രങ്ങളിലെ ഡയറക്‌ടര്‍മാര്‍ എന്നിവര്‍ ഈ അറിയിപ്പ് വിദ്യാര്‍ഥികളുടെ അറിവിലേക്കായി ഡിപ്പാര്‍ട്ട്‌മെന്‍റുകള്‍, സെന്‍ററുകള്‍ എന്നിവയുടെ നോട്ടിസ് ബോര്‍ഡുകളില്‍ പതിക്കണമെന്നും സര്‍ക്കുലറിലുണ്ട്.
പ്രദര്‍ശനത്തിന് മുന്‍പേ കസ്‌റ്റഡിയില്‍ : സര്‍വകലാശാല വിദ്യാര്‍ഥിയും എസ്‌എഫ്‌ഐ ജാമിയ യൂണിറ്റ് സെക്രട്ടറിയുമായ അസീസ്, എസ്‌എഫ്‌ഐ സൗത്ത് ഡല്‍ഹി ഏരിയ വൈസ് പ്രസിഡന്‍റ് നിവേദ്യ,യൂണിറ്റംഗങ്ങളായ അഭിരാം, തേജസ് എന്നീ നാലുപേരാണ് പൊലീസ് കസ്‌റ്റഡിയിലുള്ളത്. ഇന്ന് വൈകുന്നേരം ആറിന് എട്ടാം നമ്പര്‍ കവാടത്തിനടുത്തുള്ള മൈതാനിയില്‍ ഡോക്യുമെന്‍ററി പ്രദർശിപ്പിക്കുമെന്ന് വിദ്യാർഥികൾ അറിയിച്ചതിനെ തുടർന്നാണ് സർവകലാശാല അധികൃതരുടെ അഭ്യർഥന പ്രകാരമുള്ള പൊലീസിന്‍റെ ഈ നടപടി.
ഏതുവിധേനയും തടയാനൊരുങ്ങി പൊലീസ് : വാനുകളും കണ്ണീര്‍വാതക പീരങ്കികളും ഉള്‍പ്പടെയുള്ളവ സര്‍വകലാശാല കവാടത്തില്‍ വിന്യസിച്ചിട്ടുണ്ട്. എന്നാല്‍ ക്യാമ്പസിനകത്തേക്കുള്ള തങ്ങളുടെ സഞ്ചാരം തടയുന്നുവെന്ന് ആരോപിച്ച് നിരവധി വിദ്യാർഥികൾ സർവകലാശാല ഗേറ്റിന് പുറത്ത് പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്.
ജെഎന്‍യു വഴിയേ ജെഎംഐയും : അതേസമയം ഇന്നലെ (24-01-2023) രാത്രി ഒമ്പത് മണിക്ക് വിദ്യാര്‍ഥി യൂണിയന്‍ ഓഫിസില്‍ ബിബിസിയുടെ ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കുമെന്നറിയിച്ചുള്ള ലഘുലേഖ പുറത്തിറക്കിയതിന് പിന്നാലെ ജവഹർലാൽ നെഹ്‌റു സർവകലാശാല (ജെഎന്‍യു) അധികൃതരും മുന്നറിയിപ്പുമായി രംഗത്തെത്തിയിരുന്നു.
എന്നാല്‍ തങ്ങൾ ഒരുതരത്തിലുള്ള പ്രശ്‌നങ്ങളും സൃഷ്‌ടിക്കാന്‍ ശ്രമിക്കുന്നില്ലെന്നും കാമ്പസിനകത്ത് മാത്രം പ്രദര്‍ശിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അറിയിച്ച് ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ സര്‍വകലാശാല അധികൃതര്‍ക്ക് കത്തുനല്‍കി. സ്വമേധയാ താൽപ്പര്യമുള്ള വിദ്യാർഥികൾ സ്ക്രീനിങ്ങില്‍ പങ്കെടുക്കുമെന്നും ഇവര്‍ കത്തിൽ വ്യക്തമാക്കിയിരുന്നു.