ന്യൂഡൽഹി: മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം ആദായനികുതി വകുപ്പ് അധികൃതർ വ്യാഴാഴ്ച രാത്രി ഡൽഹിയിലെയും മുംബൈയിലെയും ബിബിസി ഓഫിസുകൾ വിട്ടു. ചൊവ്വാഴ്ച രാവിലെ 11.30ഓടെ ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷൻ ഓഫിസുകളിൽ സർവേ പ്രവർത്തനം ആരംഭിച്ച ആദായനികുതി വകുപ്പ് അധികൃതർ വ്യാഴാഴ്ച രാത്രി എട്ടോടെ മുംബൈയിലെ ഓഫിസിൽ നിന്നും, 10.30ഓടെ ഡൽഹിയിലെ ഓഫിസിൽ നിന്നും മടങ്ങുകയായിരുന്നു. ആദായ നികുതി വകുപ്പ് അധികാരികളുമായി തുടർന്നും സഹകരിക്കുമെന്ന് യുകെ ആസ്ഥാനമായ പബ്ലിക് ബ്രോഡ്കാസ്റ്റർ ഉറപ്പുനൽകി.
'എത്രയും വേഗം പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഇപ്പോൾ ഞങ്ങളുടെ മുൻഗണന ബിബിസിയുടെ ജീവനക്കാരെ പിന്തുണയ്‌ക്കുക എന്നതാണ്, അവരിൽ പലർക്കും അന്വേഷണത്തിനിടെ ഓഫീസുകളിൽ രാത്രി തങ്ങേണ്ടി വന്നിട്ടുണ്ട്, വളരെ ദൈർഘ്യമേറിയ ചോദ്യം ചെയ്യലുകൾ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. പേടിയോ പക്ഷപാതിത്വമോ ഇല്ലാതെ സ്വതന്ത്ര മാധ്യമ പ്രവർത്തനം തുടരും. പ്രവർത്തനങ്ങൾ സാധാരണ നിലയിലേക്ക് എത്തിയിട്ടുണ്ട്. ഇന്ത്യയിലെ ഞങ്ങളുടെ പ്രേക്ഷകർക്കായി സേവനം തുടരും,' ബിബിസി ന്യൂസ് പ്രസ് ടീം ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ അറിയിച്ചു.
റിപ്പോർട്ടുകൾ പ്രകാരം, ആദായനികുതി വകുപ്പ് അധികൃതർ ലഭ്യമായ സ്റ്റോക്കിന്‍റെ ഒരു ഇൻവെന്‍ററി ഉണ്ടാക്കുകയും ചില ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തുകയും ചില രേഖകൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. പ്രധാനപ്പെട്ട ഉപകരണങ്ങൾക്കായി മാത്രമാണ് ഡാറ്റ ക്ലോണിങ് നടത്തിയതെന്ന് ഡിപ്പാർട്ട്‌മെന്‍റ് വക്താവിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു. ഒരു ഡിജിറ്റൽ ഉപകരണവും പിടിച്ചെടുത്തിട്ടില്ല.
അന്താരാഷ്‌ട്ര നികുതി, ബിബിസി സബ്‌സിഡിയറി കമ്പനികളുടെ കൈമാറ്റ വിലനിർണ്ണയം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ അന്വേഷിക്കുന്നതിനാണ് ആദായനികുതി സർവേകൾ നടക്കുന്നതെന്ന് ഡൽഹിയിൽ ഉദ്യോഗസ്ഥർ സൂചിപ്പിച്ചു, കൂടാതെ ബിബിസിക്ക് മുമ്പും നോട്ടീസ് നൽകിയിരുന്നെങ്കിലും അവർ പ്രതികരിക്കാത്തതാണ് റെയ്‌ഡിലേക്ക് നയിച്ചതെന്നും ആരോപണം നിലനിൽക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും 2002ലെ ഗുജറാത്ത് കലാപത്തെയും അടിസ്ഥാനമാക്കിയിറങ്ങിയ ഡോക്യുമെന്‍ററി 'ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ' സംപ്രേഷണം ചെയ്തതിന് ആഴ്ചകൾക്ക് ശേഷമാണ് ആദായനികുതി വകുപ്പിന്‍റെ ഈ നീക്കം നടന്നതെന്നും ചർച്ചകൾ നിലനിൽക്കുന്നുണ്ട്. നടപടിയെക്കുറിച്ച് ആദായനികുതി വകുപ്പ് ഇതുവരെ ഔദ്യോഗിക പ്രസ്താവന ഇറക്കിയിട്ടില്ല.