പട്‌ന : ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി ജീവിതം ബലിയർപ്പിച്ച മഹാരഥന്‍മാരില്‍ പ്രധാനിയാണ് ഭഗത് സിങ്ങിന്‍റെ ആത്മമിത്രമായിരുന്ന ബടുകേശ്വർ ദത്ത്. അദ്ദേഹത്തിന്‍റെ ഓട്ടോഗ്രാഫ് നേടാൻ ഭഗത് സിംഗ് ലാഹോർ സെൻട്രൽ ജയിലിൽ പോയിട്ടുണ്ട്. അദ്ദേഹത്തോടുള്ള ഭഗത് സിംഗിന്‍റെ ആരാധന എത്രത്തോളമായിരുന്നുവെന്ന് ഇതില്‍ നിന്ന് വ്യക്തം.
1910 നവംബർ 18-ന് ബർധമാൻ ജില്ലയില്‍ ജനിച്ച ബടുകേശ്വർ ഹൈസ്‌കൂൾ പഠനം നടത്തിയത് കാണ്‍പൂരിലായിരുന്നു. അവിടെ വച്ചാണ് ഹിന്ദുസ്ഥാനി സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷന്‍ (എച്ച്എസ്ആർഎ) നേതാവായിരുന്ന ചന്ദ്രശേഖർ ആസാദിനെ പരിചയപ്പെടുന്നത്. 1928ൽ ദത്ത് എച്ച്എസ്ആർഎയിൽ അംഗമായി. ഭഗത് സിങ്ങിനെ കണ്ടുമുട്ടുന്നത് അവിടെ വച്ചാണ്. രാജ്യത്ത് പുതുയുഗത്തിന്‍റെ തുടക്കമായിരുന്നു അത്.
1929 ഏപ്രിൽ 8ന് ബ്രിട്ടീഷ് സർക്കാർ അവതരിപ്പിച്ച വ്യാപാര തർക്ക ബില്ലിനും പൊതുസുരക്ഷ ബില്ലിനും എതിരായി ബടുകേശ്വർ ദത്ത് ഭഗത് സിങ്ങിനൊപ്പം ചേർന്ന് സെൻട്രൽ അസംബ്ലിക്ക് നേരെ ബോംബെറിഞ്ഞു. വിപ്ലവ ലഘുലേഖകൾ എറിയുകയും ഇൻക്വിലാബ് സിന്ദാബാദ് മുദ്രാവാക്യം മുഴക്കുകയും ചെയ്‌തു.
ബ്രിട്ടീഷ് പൊലീസ് ഓഫിസർ ജോൺ സോണ്ടേഴ്‌സിനെ കൊലപ്പെടുത്തിയ കേസിൽ ഭഗത് സിങ്ങിന് മരണ ശിക്ഷ വിധിച്ചപ്പോൾ ദത്തിന് അനുഭവിക്കേണ്ടി വന്നത് ജീവപര്യന്തമായിരുന്നു. രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിക്കാൻ സദാ സന്നദ്ധനായിരുന്ന ദത്ത് വധശിക്ഷ ലഭിക്കാത്തതിൽ നിരാശനായിരുന്നു.
ബ്രിട്ടീഷുകാർ ദത്തിനെ ആൻഡമാനിലെ സെല്ലുലാർ ജയിലിലടച്ചു. സെല്ലുലാർ ജയിലിൽ കടുത്ത പീഡന മുറകളാണ് ദത്തിന് അനുഭവിക്കേണ്ടി വന്നത്. ജയിലിനുള്ളിൽ ദത്ത് നിരാഹാരമിരുന്നു. 1937ൽ ദത്തിനെ പട്‌നയിലെ ജയിലിലേക്ക് മാറ്റി.
1938ൽ ജയിൽ മോചിതനായ ദത്ത് മഹാത്മാഗാന്ധിയുടെ നിസ്സഹകരണ പ്രസ്ഥാനത്തിൽ ചേർന്നു. വീണ്ടും അറസ്റ്റിലായ ദത്ത് നാല് വർഷത്തിന് ശേഷം 1945ൽ ജയിൽ മോചിതനായി. 1947 ഓഗസ്റ്റ് 15ന് രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ അദ്ദേഹം പട്‌നയിലായിരുന്നു. ആരാലും തിരിച്ചറിയപ്പെടാത്ത ഒറ്റപ്പെട്ട ജീവിതമാണ് ഇവിടെ അദ്ദേഹം നയിച്ചിരുന്നത്.
ഭഗത് സിങ്, സുഖ്ദേവ്, രാജ്‌ഗുരു എന്നിവരുടെ അടുത്ത് മരണശേഷം തന്നെയും അടക്കം ചെയ്യണമെന്നതായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യാഭിലാഷം. 1965 ജൂലൈ 20ന് അസുഖ ബാധിതനായി ദത്ത് മരണമടഞ്ഞ ശേഷം അദ്ദേഹത്തിന്‍റെ അഭിലാഷ പ്രകാരം ഭഗത് സിങ്, സുഖ്ദേവ്, രാജ്‌ഗുരു എന്നിവരുടെ സ്‌മാരകം സ്ഥിതി ചെയ്യുന്ന ഹുസൈനിവാലയിലെ ഇന്ത്യ-പാക് അതിർത്തിയിൽ അദ്ദേഹത്തിന്‍റെ അന്ത്യകർമങ്ങൾ നടത്തി.