ബരാമുള്ള (ജമ്മു കശ്‌മീർ):വടക്കന്‍ കശ്‌മീരിലെ ബരാമുള്ളയിൽ വൈൻ ഷോപ്പിന് നേരെയുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തിൽ ജമ്മു-രജൗരി-പൂഞ്ച് ദേശീയപാത ഉപരോധിച്ച് പ്രതിഷേധം. കൊല്ലപ്പെട്ടയാളുടെ കുടുംബവും നാട്ടുകാരുമാണ് രജൗരി, പൂഞ്ച് ജില്ലകളെ ജമ്മുവുമായി ബന്ധിപ്പിക്കുന്ന പ്രധാന ദേശീയപാത ഉപരോധിച്ചത്. 25 ലക്ഷം രൂപ നഷ്‌ടപരിഹാരവും കുടുംബാംഗങ്ങളിൽ ഒരാൾക്ക് ജോലിയും നൽകണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
പ്രാദേശിക ഭരണകൂടം പ്രതിഷേധക്കാരെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ ഉപരോധം തുടരുമെന്ന് പ്രതിഷേധക്കാര്‍ വ്യക്തമാക്കി. ചൊവ്വാഴ്‌ച രാത്രി 8 മണിയോടെയാണ് ബരാമുള്ളയിലെ അതീവ സുരക്ഷ മേഖലയിലുള്ള വൈന്‍ ഷോപ്പിന് നേരെ ഗ്രനേഡ് ആക്രമണമുണ്ടായത്. ദീവാന്‍ബാഗിലുള്ള ഈയിടെ തുറന്ന കടയ്ക്ക് നേരെ ബൈക്കിലെത്തിയ രണ്ടംഗ സംഘം ഗ്രനേഡ് എറിയുകയായിരുന്നു.
ബൈക്കിലുണ്ടായിരുന്ന ബുര്‍ഖ ധരിച്ചയാള്‍ കടയുടെ ജനലിലൂടെ ഗ്രനേഡ് ഇട്ടതിന് ശേഷം ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ വൈൻ ഷോപ്പിലെ ജീവനക്കാരന്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്‌തു. രജൗരി ബക്ര സ്വദേശി രഞ്ജിത്ത് സിങ് ആണ് കൊല്ലപ്പെട്ടത്.
പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ രഞ്ജിത്ത് സിങ് മരണപ്പെടുകയായിരുന്നു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്.