ബാരാമുള്ള: കശ്‌മീരില്‍ ഭീകരർക്കെതിരെ ശക്തമായ തിരിച്ചടിയുമായി ഇന്ത്യൻ സൈന്യം. വടക്കൻ കശ്‌മീരിലെ ബാരാമുള്ളയിൽ ഒരു ഭീകരനെയും രജൗരിയിലെ കാൻഡി വനത്തിൽ മറ്റൊരു ഭീകരനെയും സൈന്യം വധിച്ചു. ഇന്നലെ അഞ്ച് സൈനികർ മേഖലയില്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ഇന്ത്യൻ സൈന്യം ഇന്ന് ശക്തമായ തിരിച്ചടി ആരംഭിച്ചത്.
ബാരാമുള്ളയിലെ കരഹാമ കുൻസറിലാണ് സൈന്യവും ഭീകരരും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടൽ ഉണ്ടായത്. കൊല്ലപ്പെട്ട തീവ്രവാദിയെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. പൊലീസിന്‍റെയും സൈന്യത്തിന്‍റെയും സംയുക്ത സംഘം കർഹാമ കുൻസറിൽ ഇന്നലെ രാത്രിയോടെ തെരച്ചിൽ ആരംഭിച്ചതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. സംയുക്ത സേനയ്‌ക്ക് നേരെ തീവ്രവാദികൾ വെടിയുതിർത്തതായാണ് ലഭിക്കുന്ന വിവരം.
രജൗരിയിൽ ഏറ്റുമുട്ടൽ: സുരക്ഷ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. മറ്റൊരു ഭീകരന് പരിക്കേറ്റു. ജമ്മു കശ്‌മീരിലെ രജൗരിയിൽ നടന്ന സംയുക്ത ഓപ്പറേഷനിൽ അഞ്ച് സൈനികർക്ക് ജീവൻ നഷ്‌ടപ്പെട്ടുവെന്ന് കശ്‌മീർ സോൺ പൊലീസ് അറിയിച്ചിരുന്നു. ജമ്മു മേഖലയിലെ ഭാട്ട ദുരിയാനിലെ ടോട്ട ഗലി മേഖലയിൽ സൈനിക ട്രക്കിനുനേരെ ഉണ്ടായ ആക്രമണത്തിന് പിന്നാലെ ഭീകരർക്കായുള്ള തെരച്ചിൽ ശക്തമാക്കിയിരുന്നു.
രജൗരി സെക്‌ടറിലെ കാൻഡി വനത്തിൽ ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ചുള്ള വ്യക്തമായ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസും സുരക്ഷാസേന പ്രദേശം വളഞ്ഞത്. 2023 മെയ് 3 ന് സംയുക്ത ഓപ്പറേഷൻ ആരംഭിച്ചു. 2023 മെയ് 5 ന് രാവിലെ തെരച്ചിൽ സംഘം ഒരു ഗുഹയിൽ തീവ്രവാദികൾ ഉണ്ടെന്ന് കണ്ടെത്തുകയും ഏറ്റുമുട്ടൽ ഉണ്ടാകുകയും ചെയ്‌തു.
ഏറ്റുമുട്ടലിൽ രണ്ട് സൈനികർ സംഭവസ്ഥലത്ത് വച്ചും മൂന്ന് സൈനികർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരണപ്പെട്ടത്. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്. ഒരു സംഘം ഭീകരർ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നതായാണ് പ്രാഥമിക വിവരം.