ലക്‌നൗ: ആംബുലന്‍സ് രജിസ്ട്രേഷന്‍ ക്രമക്കേട് കേസില്‍ ബിഎസ്‌പി എംഎല്‍എ മുക്താര്‍ അന്‍സാരിയെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. യുപി ബരബങ്കി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്‍റെതാണ് ഉത്തരവ്. പഞ്ചാബ് ജയിലില്‍ നിന്നും ചണ്ഡിഗഡ് കോടതിയിലേക്ക് പോകുന്നതിന് ബുള്ളറ്റ്‌പ്രൂഫ് ആംബുലന്‍സ് രജിസ്റ്റര്‍ ചെയ്‌തതില്‍ ക്രമക്കേട് നടന്നതായി കണ്ടെത്തിയിരുന്നു.
ക്രിമിനല്‍ കേസ് വിചാരണയുടെ ഭാഗമായി അന്‍സാരി രണ്ട് വര്‍ഷം പഞ്ചാബിലെ രൂപര്‍ ജയിലിലായിരുന്നു. സുപ്രീം കോടതി നിര്‍ദേശപ്രകാരമാണ് അന്‍സാരിയെ ഏപ്രില്‍ 7ന് ഉത്തര്‍പ്രദേശ് പൊലീസ് ബാന്ദ ജയിലിലേക്ക് മാറ്റിയത്. ജുഡീഷ്യല്‍ കസ്റ്റഡി കാലവും ബാന്ദ ജയിലില്‍ തന്നെ കഴിഞ്ഞാല്‍ മതിയെന്നാണ് ഉത്തരവ്.
എന്നാല്‍ കേസില്‍ അന്‍സാരിക്കെതിരെ തെളിവില്ലെന്നും ശ്യാം സജ്ജീവിനി ആശുപത്രിയിലെ ഡോ.അല്‍ക്ക റായിയുടെ പേരിലാണ് ആംബുലന്‍സ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നതെന്നും അന്‍സാരിയുടെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. അന്‍സാരി കേസില്‍ കുറ്റക്കാരനല്ലെന്നും അദ്ദേഹം കോടതിയോട് പറഞ്ഞു. എന്നാല്‍ തന്നെ ബലപ്രയോഗത്തിലൂടെ പേപ്പറുകളില്‍ ഒപ്പുവെപ്പിക്കുകയായിരുന്നെന്ന് ഡോക്‌ടര്‍ കോടതിയെ അറിയിച്ചു. ജൂണ്‍ 28 വരെയാണ് ജുഡീഷ്യല്‍ കാലാവധി.
Read More: ഗുണ്ടാത്തലവന്‍ മുക്താര്‍ അര്‍സാരി കോടതിയില്‍ ഹാജരാവും
ഉത്തര്‍പ്രദേശിലെ മൗ മണ്ഡലത്തിലെ സിറ്റിങ് എംഎല്‍എയാണ് അന്‍സാരി. ഉത്തര്‍പ്രദേശിലും മറ്റ് സംസ്ഥാനങ്ങളിലുമായി 52ഓളം കേസുകളാണ് ഇയാളുടെ പേരില്‍ റജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്.