കൊൽക്കത്ത: ബങ്കുറയിലെ പ്രസിദ്ധമായ കളിമണ്ണ് ഗ്രാമമാണ് പഞ്ച്മുറ. ഇരുവശങ്ങളിലും ഇടവിട്ട് കാടുകള്‍ നിറഞ്ഞതും യൂക്കാലിപ്റ്റസ് മരങ്ങൾ തണലൊരുക്കുകയും ചെയ്യുന്ന മനോഹരമായ പാതയാണ് ഇവിടെയുള്ളത്. ഈ പാത കഴിഞ്ഞ് ഏഴ് കിലോമീറ്ററോളം മുന്നോട്ട് പോകുമ്പോള്‍ എത്തിച്ചേരുന്നത് ധംഗിദംഗയിലാണ്. നഗര തിരക്കുകളോ ശബ്‌ദകോലാഹലങ്ങളോ ഇല്ലാത്ത ഒരിടം. ഇവിടെയെത്തുമ്പോൾ ഒരു നിമിഷമെങ്കിലും ചിന്തകൾ നിശ്ചലമാകും. പിന്നെ പ്രകൃതിയിലേക്ക്. പച്ച പുതച്ച കാടും, ചീവീടുകളുടെ ശബ്‌ദവും, കിളികളുടെ കളകളാരവവും മാത്രമാണ് ഈ ഒറ്റപ്പെട്ട പ്രദേശത്തെ ജീവൻ. ഈ പ്രദേശത്തെ മനോഹരമാക്കുന്നത് തിളങ്ങി ഒഴുകുന്ന ജോയ്‌പോണ്ട നദിയാണ്.
എന്നാല്‍ അധികമൊന്നും ശ്രദ്ധിക്കാത്തതിനാൽ ഈ പ്രകൃതിരമണീയമായ പ്രദേശത്തെ കുറിച്ച് വിനോദ സഞ്ചാരികള്‍ കേട്ടു കാണില്ല. എന്നാൽ വിനോദ സഞ്ചാരത്തിനുള്ള അടിസ്ഥാന സൗകര്യങ്ങളൊന്നും ധംഗിദംഗയിൽ ഇല്ലതാനും. അതുകൊണ്ടു തന്നെ സ്വാഭാവികമായും പ്രാദേശികരുടെ ഒരു വിനോദ സഞ്ചാര കേന്ദ്രം മാത്രമായി ഒതുങ്ങിയിരിക്കുകയാണ് ധംഗിദംഗ. ധംഗിദംഗയിലെ ജനങ്ങള്‍ ഇവിടെ ഒരു പാര്‍ക്കും ഹോട്ടലുകളുമൊക്കെ പ്രതീക്ഷിക്കുന്നുണ്ട്. വിനോദ സഞ്ചാരികള്‍ പതിവായി വന്നു തുടങ്ങിയാല്‍ ഗ്രാമത്തിന്‍റെയും ഗ്രാമീണരുടേയും ഭാവി ശോഭനമാകുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു.