ലഖ്‌നൗ: രാജ്യത്ത് കൊവിഡ് പടർന്നു പിടിക്കുമ്പോഴും ഉത്തർപ്രദേശിലെ ഗംഗ നദീതീരത്ത് മനുഷ്യാവശിഷ്‌ടങ്ങൾ ഉണ്ടെന്ന് കരുതുന്ന നൂറിലധികം ശവക്കുഴികൾ കണ്ടെത്തി. ഇതോടെ പ്രയാഗ്‌രാജ് ജില്ലയിലെ ദേവ്‌രാഖ് ഘട്ടിലെ ശവക്കുഴികൾ സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവർക്കിടയിൽ പരിഭ്രാന്തി സൃഷ്‌ടിച്ചിരിക്കുകയാണ്. ദുർഗന്ധം കാരണം ഭക്തർ ഈ പ്രദേശത്ത് കുളിക്കുന്നതും നിർത്തിയിരിക്കുകയാണ്.
ശ്‌മശാനങ്ങൾക്കും ശവസംസ്‌കാരത്തിനും സ്ഥലപരിമിതി നേരിടുന്നതിനാലും ശവസംസ്‌കാരച്ചെലവ് വർധിച്ചതിനാലുമാണ് നദി തീരങ്ങളിലേക്ക് മൃതദേഹങ്ങൾ സംസ്‌കരിക്കാൻ കൊണ്ടു പോകുന്നത്. പരമ്പരാഗതമായ വിശ്വാസങ്ങൾ, പകർച്ചവ്യാധി, പട്ടിണി തുടങ്ങിയവയാണ് പ്രദേശത്ത് മരണസംഖ്യ വർധിക്കാനുള്ള കാരണമായി ജനങ്ങൾ പറയുന്നത്. പ്രയാഗ്‌രാജിലെ മൃതദേഹങ്ങൾ കൊവിഡ് രോഗികളുടെ മൃതദേഹങ്ങൾ കൊവിഡ് രോഗികളുടേതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും കൊവിഡ് രണ്ടാം തരംഗത്തിന് ശേഷമാണ് പ്രദേശത്ത് ശവക്കുഴികൾ കൂടുതലായി കാണാൻ തുടങ്ങിയത്. ഈ വീഡിയോ സമൂഹമധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയതോടെ ഭരണകൂടം അന്വേഷണം ആരംഭിക്കുകയും ഘട്ടുകളിലെ ശവസംസ്‌കാരം നിരോധിക്കുകയും ചെയ്‌തു.
അതേ സമയം സംസ്ഥാനത്ത് നിലവിൽ 1,93,815 കൊവിഡ് രോഗികൾ ഉണ്ടെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഇതുവരെ 13,85,855 പേർ രോഗമുക്തി നേടുകയും 16,957 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്‌തു. പ്രയാഗ്‌രാജിൽ മാത്രം കഴിഞ്ഞ 24 മണിക്കൂറിനിടെ 165 പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 521 പേർ രോഗമുക്തി നേടുകയും ഒൻപത് പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്‌തതായാണ് ജില്ലാ ഭരണകൂടം നൽകുന്ന കണക്കുകൾ.
Also Read: ഗംഗയില്‍ ഇനി മൃതദേഹങ്ങള്‍ കണ്ടെത്തിയാല്‍ സൈന്യം അന്ത്യകര്‍മം ചെയ്യും