ഫരീദാബാദ് : ഫരീദാബാദ് സെൻട്രൽ ഏരിയയിൽ ബാങ്കിൽ അതിക്രമിച്ച് കയറിയ മൂന്നംഗ സംഘം 1.84 ലക്ഷം രൂപ കവർന്ന് രക്ഷപ്പെട്ടു. ബുധനാഴ്ച പ്രദേശത്തെ കാനറ ബാങ്ക് ശാഖയിലായിരുന്നു സംഭവം. ഇതേദിവസം തന്നെ ബാങ്കിന് ഒരു കിലോമീറ്റർ പരിധിക്കുള്ളിൽ രണ്ട് മോഷണങ്ങൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതായി പൊലീസ് അറിയിച്ചു.
മൂന്ന് മോട്ടോർ സൈക്കിളുകളിലായി മുഖംമൂടി ധരിച്ചെത്തിയ മോഷ്‌ടാക്കൾ ബാങ്കിന്‍റെ സെക്ടർ 15ലെ പിൻ ഗേറ്റിലൂടെ അതിക്രമിച്ച് കയറുകയായിരുന്നു. തുടർന്ന് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ സംഘം ജീവനക്കാരെ ബന്ദിയാക്കിയാണ് കൊള്ള നടത്തിയത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതായും പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
ALSO READ:16കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി,ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിയും
അതേസമയം സെക്ടർ 14ലെ എടിഎമ്മിൽ മോഷണം നടന്നതായും പൊലീസിന് പരാതി ലഭിച്ചിട്ടുണ്ട്. എടിഎമ്മിനുള്ളിൽ അതിക്രമിച്ച് കയറി മോഷ്ടാവ്, പണം പിൻവലിക്കാനെത്തിയ സ്ത്രീയിൽ നിന്നും 5,000 രൂപ കവർന്നശേഷം രക്ഷപ്പെട്ടെന്നാണ് പരാതി.
ഇത് തടയാൻ ശ്രമിച്ചയാളെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ പ്രതി ഇയാളുടെ മോട്ടോർ സൈക്കിളും തട്ടിയെടുത്തു. പ്രതിയെ തിരിച്ചറിഞ്ഞതായും ഇയാളെ വൈകാതെ പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കി.