ബെംഗളൂരു: ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട പെണ്‍ സുഹൃത്തിന് നൽകാൻ ബാങ്കിൽ നിന്ന് ആറ് കോടിരൂപ തട്ടിയെടുത്ത ബാങ്ക് മാനേജര്‍ അറസ്റ്റില്‍. ഹനുമന്ത്നഗറിലെ ഇന്ത്യന്‍ ബാങ്ക് മാനേജര്‍ ഹരിശങ്കര്‍ ആണ് അറസ്റ്റിലായത്. തന്‍റെ ബാങ്കിലെ ഉപഭോക്താവായ അനിത എന്നയാളുടെ അക്കൗണ്ട് ഉപയോഗിച്ചാണ് ഇയാള്‍ ആറ് കോടി ലോണ്‍ എടുത്ത് പെണ്‍കുട്ടിക്ക് നൽകിയത്.
നാല് മാസം മുമ്പാണ് ഹരിശങ്കര്‍ ഒരു ഡേറ്റിംഗ് ആപ്പില്‍ തന്‍റെ പേര് രജിസ്റ്റര്‍ ചെയ്തത്. ശേഷം ആപ്പ് വഴി ഒരു പെണ്‍കുട്ടിയുമായി അടുത്തു. പിന്നീട് ഇരുവരും ചാറ്റിംഗും തുടങ്ങി. അടുത്തിടെ പെണ്‍കുട്ടി 12 ലക്ഷം രൂപ ആവശ്യപ്പെട്ടു. ഇതോടെ ഇയാള്‍ ഈ തുക യുവതിക്ക് നല്‍കി. പിന്നീട് യുവതി കൂടുതല്‍ തുക ആവശ്യപ്പെട്ടതോടെ ഇയാൾ ലോണ്‍ എടുത്ത് പണം നല്‍കുകയായിരുന്നു.
അനിതക്ക് ബാങ്കില്‍ ഫിക്‌സഡ് ഡെപ്പോസിറ്റ് ഉള്ളതിനാല്‍ ലോണ്‍ എളുപ്പത്തില്‍ പാസാക്കാനും ഇയാള്‍ക്ക് കഴിഞ്ഞു. അനിത അടുത്തിടെ 1.3 കോടി രൂപ ബാങ്കില്‍ നിക്ഷേപിച്ചിരുന്നു. ഇതില്‍ നിന്നും 75 ലക്ഷം ലോണ്‍ ആയി തിരികെ വാങ്ങി. ഈ സമയത്ത് സമര്‍പ്പിച്ച രേഖകള്‍ ഉപയോഗിച്ചാണ് മാനേജര്‍ പണം തട്ടിയത്.
മെയ് 13 മുതല്‍ 19 വരെയുള്ള സമയത്താണ് ഇയാള്‍ ഇടപാടുകള്‍ നടത്തിയത്. ഇതിനിടെ മാനേജര്‍ ആറ് കോടി പിന്‍വലിച്ചത് മറ്റ് ഉദ്യോഗസ്ഥര്‍ അറിയുകയായിരുന്നു. ഇതോടെയാണ് തട്ടിപ്പ് പുറത്ത് വന്നത്. സംഭവത്തില്‍ ഹരിശങ്കറിനും മറ്റ് രണ്ട് ഉദ്യോഗസ്ഥര്‍ക്കും എതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ബാങ്കിന്‍റെ സേണല്‍ മാനേജര്‍ ഡിഎസ് മൂര്‍ത്തിയുടെ പരാതിയിലാണ് കേസ്. ചോദ്യം ചെയ്യലില്‍ ഡേറ്റിംഗ് ആപ്പുവഴി വഴി പരിചയപ്പെട്ട യുവതിക്കാണ് പണം നല്‍കിയതെന്ന് ഹരിശങ്കര്‍ സമ്മതിച്ചിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 10 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.