ചിന്ദ്വാര (മധ്യപ്രദേശ്): മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിൽ മൂന്ന് വർഷം മുമ്പ് മരിച്ച കർഷകൻ ലോണിന്‍റെ കുടിശിക അടക്കാത്തതിന് ബന്ധുക്കൾക്ക് ബാങ്കിന്‍റെ നോട്ടീസ്. എന്നാൽ തങ്ങൾ കൈപ്പറ്റാത്ത പണമാണ് ഇതെന്നും വായ്‌പ മുടക്കാൻ ലോൺ പാസായ വിവരം പോലും തങ്ങൾ അറിഞ്ഞിട്ടില്ല എന്ന് ബന്ധുക്കൾ. പ്രശ്‌ന പരിഹാരത്തിനായി ജില്ല കലക്‌ടറെ സമീപിച്ചിരിക്കുകയാണ് കർഷകന്‍റെ കുടുംബം.
സംഭവം ഇങ്ങനെ: ചൗരായ് തഹസിൽ തൂൻവാഡ ഗ്രാമത്തിലെ താമസക്കാരനായിരുന്നു മരിച്ച കർഷകനായ അജബ് സിംഗ് വർമ്മ. 2006ൽ അജബ് സിംഗ് വർമ്മ ബാങ്കിൽ ലോണിനായി അപേക്ഷ നൽകിയിരുന്നു. എന്നാൽ അതേ വർഷം തന്നെ അജബ് സിംഗ് മരിച്ചു. എന്നാൽ അജബ് സിംഗിന് 2009ൽ ബാങ്ക് ലോൺ പാസാക്കി.
പക്ഷേ കുടുംബത്തിന് പണം ലഭ്യമായില്ല എന്ന് മാത്രമല്ല ബാങ്ക് ലോൺ പാസായ വിവരം പോലും കുടുംബം അറിഞ്ഞിട്ടില്ല. 'എന്‍റെ അച്ഛൻ ഒരു കർഷകനായിരുന്നു, അദ്ദേഹം 2006 ൽ വായ്‌പയ്ക്ക് അപേക്ഷിച്ചു, എന്നാൽ അതേ വർഷം തന്നെ അദ്ദേഹം മരിച്ചു. എന്നിരുന്നാലും, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ചിന്ദ്വാര ബ്രാഞ്ച് 2009-ൽ അദ്ദേഹത്തിന്‍റെ പേരിൽ ഒരു ലോൺ നൽകി.
2,75,000 രൂപ വായ്‌പ തിരിച്ചടയ്ക്കാൻ ബാങ്കിൽ നിന്ന് ഞങ്ങൾക്ക് ഇപ്പോൾ നോട്ടീസ് ലഭിച്ചിട്ടുണ്ട്. വായ്‌പ തിരിച്ചടയ്ക്കാൻ ബാങ്ക് ഉദ്യോഗസ്ഥർ പലപ്പോഴും എന്‍റെ കുടുംബത്തെ സമ്മർദ്ദത്തിലാക്കുകയാണ്. തിരിച്ചടവിന്‍റെ പേരിൽ ബാങ്ക് ഉദ്യോഗസ്ഥർ ഞങ്ങളെ വീണ്ടും വീണ്ടും പീഡിപ്പിക്കുകയാണ്. ഞങ്ങൾ ഒരിക്കലും എടുത്തിട്ടില്ലാത്ത വായ്‌പയാണിത്. ഈ വ്യാജ ലോൺ കേസ് കാരണം ഞങ്ങൾക്ക് മറ്റ് ബാങ്കുകളിൽ നിന്നും വായ്‌പ എടുക്കാൻ കഴിയുന്നില്ല,' മരിച്ച കർഷകനായ അജബ് സിംഗ് വർമ്മയുടെ മകൻ ശംഭു ദയാൽ വർമ മാധ്യമങ്ങളോട് പറഞ്ഞു.
Also Read: ദുരിതാശ്വാസ നിധി തട്ടിപ്പ്: മുഖ്യമന്ത്രിക്ക് എതിരായ കേസ് ഏപ്രിൽ ഒന്നിന് പരിഗണിക്കും
കർഷകന്‍റെ മകൻ പ്രശ്‌ന പരിഹാരത്തിനായി ജില്ല കലക്‌ടറെ സമീപിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ശംഭു ദയാൽ വർമയും കുടുംബവും തങ്ങൾ ഒരിക്കലും എടുക്കാത്ത ' വായ്‌പ' കുടിശ്ശിക വരുത്തിയതിന് നിലവിൽ കരിമ്പട്ടികയിൽ പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കൃഷിക്കോ മറ്റ് ആവശ്യങ്ങൾക്കോ കുടുംബത്തിന് മറ്റൊരിടത്ത് വായ്‌പയ്ക്ക് അപേക്ഷിക്കാൻ കഴിയാത്തതിനാൽ അടിയന്തരമായി ഇടപെടണമെന്ന് ജില്ല കലക്‌ടർക്ക് അജബ് സിംഗ് വർമ്മയുടെ കുടുംബം നിവേദനം നൽകിയിട്ടുണ്ട്.
2018ൽ സംസ്ഥാനത്ത് കമൽനാഥ് സർക്കാരിന്‍റെ കാലത്ത് കർഷകരുടെ 2 ലക്ഷം രൂപ വരെയുള്ള വായ്‌പകൾ എഴുതിത്തള്ളാൻ തീരുമാനിച്ചിരുന്നു. തങ്ങൾക്ക് ഈ കത്ത് ലഭിച്ചത് അപ്പോഴാണെന്നും എന്നാൽ ഞങ്ങൾ ഒരിക്കലും എടുക്കാത്ത ബാങ്ക് ലോണിന്‍റെ വായ്‌പ അവർക്ക് എങ്ങനെ വായ്‌പ എഴുതിത്തള്ളാൻ കഴിയുമെന്നും കുടുംബം ചോദിച്ചു.