ന്യൂഡൽഹി: ബംഗ്ലാദേശി ഗ്രാമവാസികളും അക്രമികളും ചേർന്ന് നടത്തിയ ആക്രമണത്തിൽ രണ്ട് അതിർത്തി സുരക്ഷാസേന (ബിഎസ്‌എഫ്) ജവാൻമാർക്ക് ഗുരുതരമായി പരിക്കേറ്റു. ബംഗാൾ അതിർത്തിയിലെ ബെർഹാംപൂർ സെക്ടറിന് കീഴിലുള്ള 35 ബറ്റാലിയൻ ബോർഡർ ഔട്ട് പോസ്റ്റ് നിർമൽചാർ മേഖലയിലാണ് സംഭവം നടന്നതെന്ന് ബിഎസ്എഫ് അറിയിച്ചു. ബംഗ്ലാദേശി കർഷകരെ ഇന്ത്യൻ കർഷകരുടെ വയലിൽ പ്രവേശിപ്പിക്കാൻ അനുവദിക്കാത്തതിനെ തുടർന്നാണ് ആക്രമണം ഉണ്ടായത്.
ഞായറാഴ്‌യാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ട് ജവാന്മാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് ബോർഡർ ഗാർഡ്‌സ് ബംഗ്ലാദേശിന് (ബിജിബി) ആക്രമണത്തെക്കുറിച്ചുള്ള വിവരം ബിഎസ്എഫ് നൽകുകയും ഫ്ലാഗ് മീറ്റിങ് വിളിക്കുകയും ചെയ്‌തു.
ബംഗ്ലാദേശി കർഷകർ അവരുടെ കന്നുകാലികളെ മേയ്‌ക്കാൻ ഇന്ത്യൻ കർഷകരുടെ വയലുകളിൽ അനധകൃതമായി പ്രവേശിക്കുകയും വിളകൾ മനപ്പൂർവം നശിപ്പിക്കുകയും ചെയ്യുന്നുവെന്ന് ഇന്ത്യൻ കർഷകർ പരാതിപ്പെട്ടിരുന്നു. ഇത് അനുസരിച്ചാണ് സുരക്ഷ ഉറപ്പാക്കാൻ ബിഎസ്എഫ് ജവാൻമാർ അതിർത്തിക്ക് സമീപം താത്കാലികമായി ഒരു പോസ്റ്റ് സ്ഥാപിച്ചത്.
ഞായറാഴ്‌ച ബോർഡർ ഔട്ട് പോസ്റ്റ് നിർമൽചാറിലെ ബിഎസ്എഫ് ജവാൻമാർ അതിർത്തിയിൽ ഡ്യൂട്ടിയിലിരിക്കെ, ബംഗ്ലാദേശി കർഷകർ ഇന്ത്യൻ കർഷകരുടെ വയലുകളിലേക്ക് എത്തി. എന്നാൽ അവരെ ബിഎസ്എഫ് ജവാൻമാർ തടഞ്ഞു. തുടർന്ന് നൂറിലധികം ഗ്രാമീണരും ബംഗ്ലാദേശിൽ നിന്നുള്ള അക്രമികളും ഇന്ത്യൻ അതിർത്തിയിലെത്തി മൂർച്ചയുള്ള ആയുധങ്ങളും മറ്റും ഉപയോഗിച്ച് ജവാന്മാരെ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ബിഎസ്എഫ് ജവാന്മാരുടെ ആയുധങ്ങളും അക്രമികൾ കൈക്കലാക്കി.
വിവരമറിഞ്ഞ് അതിർത്തിയിലേക്ക് കൂടുതുൽ ബിഎസ്എഫ് ജവാന്മാർ എത്തുകയും പരിക്കേറ്റവരെ ആശുപത്രിയിൽ പിരവേശിപ്പിക്കുകയും ചെയ്‌തു. സംഭവത്തെക്കുറിച്ച് ബിഎസ്എഫ് ഉദ്യോഗസ്ഥൻ ഉടൻ തന്നെ ബോർഡർ ഗാർഡ്‌സ് ബംഗ്ലാദേശ് (ബിജിബി) ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും ഒരു ഫ്ലാഗ് മീറ്റിംഗ് സംഘടിപ്പിക്കാൻ അവരോട് ആവശ്യപ്പെടുകയും ചെയ്‌തു. അതുവഴി ബംഗ്ലാദേശി അക്രമികളിൽ നിന്ന് ജവാന്മാരുടെ ആയുധങ്ങൾ വീണ്ടെടുക്കാനും സംഭവം ആവർത്തിക്കുന്നത് തടയാനും കഴിയുമെന്ന് ബിഎസ്എഫ് അധികൃതർ പറഞ്ഞു.
മുൻകാലങ്ങളിൽ, ഇന്ത്യൻ കർഷകരുടെ വിളകൾ നശിപ്പിക്കുകയും ബംഗ്ലാദേശികൾ അവരുടെ കന്നുകാലികളെ ഇന്ത്യൻ ഭൂമിയിൽ മേയ്ക്കുകയും ചെയ്‌ത സംഭവങ്ങൾ ധാരാളം ഉണ്ടായിട്ടുണ്ട്. ഇതിനെക്കുറിച്ച് ബിജിബിയെ അറിയിച്ചിട്ടുണ്ടെങ്കിലും അത്തരം സംഭവങ്ങൾ തടയാൻ കൃത്യമായ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.
അജ്ഞാത ബംഗ്ലാദേശി അക്രമികൾക്കെതിരെ ബിഎസ്എഫ് റാണിത്താല പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ ഫയൽ ചെയ്‌തു. കള്ളക്കടത്തുകാരും ക്രിമിനൽ ഉദ്ദേശമുള്ളവരും അതിർത്തിക്കപ്പുറത്തുള്ള അവരുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ വിജയിക്കാത്തപ്പോൾ, ജവാന്മാരെ ആക്രമിക്കുന്നുവെന്ന് സൗത്ത് ബംഗാൾ ഫ്രോണ്ടിയർ വക്താവ് പറഞ്ഞു.
ബിഎസ്എഫ് ജവാന്മാരെ അക്രമികൾ ആസൂത്രിതമായി മുമ്പ് നിരവധി തവണ ആക്രമിച്ചിട്ടുണ്ട്. എന്നിട്ടും, ജവാൻമാർ അവരുടെ പദ്ധതികൾ വിജയിക്കാൻ അനുവദിച്ചിട്ടില്ല. നിർമൽചാർ പ്രദേശം സൗകര്യങ്ങൾ വളരെ കുറവുള്ള സ്ഥലമാണ്. എങ്കിലും, ബിഎസ്എഫ് ജവാൻമാർ രാവും പകലും അതിർത്തിയിൽ കാവൽ നിൽക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ കള്ളക്കടത്ത് സംഘവുമായുള്ള ഏറ്റുമുട്ടലിലും ഒരു ബിഎസ്‌എഫ് ജവാന് ഗുരുതരമായി പരിക്കേറ്റിരുന്നു.
Also read: ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ കള്ളക്കടത്ത് സംഘവുമായി ഏറ്റുമുട്ടൽ; ബിഎസ്‌എഫ് ജവാന് ഗുരുതര പരിക്ക്