ഛത്തര്‍പൂര്‍ : 17ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സന്യാസിയായ തുകാറാമാണ് തന്‍റെ മാതൃകയെന്ന് സ്വയം പ്രഖ്യാപിത ആള്‍ ദൈവം ബാഗേശ്വര്‍ ധാം പണ്ഡിറ്റ് ധിരേന്ദ്ര ശാസ്ത്രി. സന്യാസിയായ തുകാറാമിന്‍റെ ഭാര്യ അദ്ദേഹത്തെ നിരന്തരം മര്‍ദിച്ചുവെന്ന് മതപ്രഭാഷണത്തിനിടെ ബാഗേശ്വര്‍ നടത്തിയ പരാമര്‍ശം വിവാദമായതിനെ തുടര്‍ന്നാണ് വിശദീകരണം. തുകാറാം തനിക്ക് മാതൃകയായതുകൊണ്ടുതന്നെ അദ്ദേഹത്തിനെതിരെ തെറ്റായ പരാമര്‍ശം താന്‍ നടത്തില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
'എങ്ങനെ ഞാന്‍ അദ്ദേഹത്തോട് ബഹുമാനമില്ലാതെ പെരുമാറും? എല്ലാം നന്മയുടെ പാതയില്‍ അദ്ദേഹം ഗ്രഹിക്കുകയും മറികടക്കുകയും ചെയ്യും' - മഹാരാഷ്‌ട്ര സ്വദേശിയായിരുന്ന സന്യാസി അദ്ദേഹത്തിന്‍റെ ഭാര്യയുടെ അക്രമണത്തിന് നിരന്തരം ഇരയായിരുന്നുവെന്നാണ് നേരത്തെ ബാഗേശ്വര്‍ പരാമര്‍ശിച്ചത്.
'ഞാന്‍ തുകാറാം സന്യാസിയുടെ ഭാര്യയെക്കുറിച്ചും അവരുടെ അസാധാരണമായ സ്വഭാവത്തെക്കുറിച്ചും ഒരു കഥ കേള്‍ക്കുവാനിടയായി. തുകാറാമിനെ അവര്‍ കരിമ്പ് വാങ്ങാനായി പറഞ്ഞയച്ചു. കരിമ്പ് വാങ്ങി തിരിച്ചെത്തിയ തുകാറാമിനെ അവ രണ്ടായി ചിതറുന്നത് വരെ അവര്‍ മര്‍ദിച്ചു.
ഭാര്യയുടെ മര്‍ദനമേല്‍ക്കുന്നതില്‍ നാണമില്ലേയെന്ന് ഒരാള്‍ അദ്ദേഹത്തോട് ചോദിച്ചു. എന്നാല്‍, തന്‍റെ ജീവിത പങ്കാളി തന്നെ മര്‍ദിക്കുന്നത് ദൈവത്തിന്‍റെ അനുഗ്രഹമാണെന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. എന്‍റെ ഭാര്യയുടെ ശാസനകള്‍, ധ്യാനത്തിലേര്‍പ്പെടുവാന്‍ എനിക്ക് ശ്രദ്ധ പകരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ദൈവിക സ്‌നേഹത്തില്‍ ഞാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. എന്‍റെ ഭാര്യയില്‍ നിന്നും എനിക്ക് മര്‍ദനം ലഭിച്ചില്ലായിരുന്നുവെങ്കില്‍ സര്‍വശക്തനായ ദൈവത്തില്‍ ഞാന്‍ അഭയം തേടില്ലായിരുന്നു. എന്നെ സംബന്ധിച്ചടുത്തോളം അനുഗ്രഹത്തിന്‍റെ മറ്റൊരു തലമാണിത്'- ഇങ്ങനെയെല്ലാം സന്യാസി തുകാറാം പറഞ്ഞതായി ധിരേന്ദ്ര പരാമര്‍ശം നടത്തിയതാണ് വിവാദമായത്.
'ഞാന്‍ പറഞ്ഞ വാക്കുകള്‍ തിരിച്ചെടുക്കുകയാണ്. ആരുടെയെങ്കിലും വികാരത്തെ എന്‍റെ വാക്കുകള്‍ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ കൈകള്‍ കൂപ്പി മാപ്പ് ചോദിക്കുന്നു' - വിവാദത്തെ തുടര്‍ന്ന് ധിരേന്ദ്ര പറഞ്ഞു.
മഹാരാഷ്‌ട്രയില്‍ എന്‍സിപി പ്രവര്‍ത്തകരാണ് സന്യാസിയായ തുകാറാമിനെതിരെയുള്ള ധിരേന്ദ്രയുടെ പരാമര്‍ശത്തെ ശക്തമായി എതിര്‍ത്തത്. തുകാറാമിനെതിരെ ആരെങ്കിലും ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയാല്‍ അവര്‍ക്കെതിരെ പ്രതിഷേധിക്കുമെന്നറിയിച്ച് എന്‍സിപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു.