ചെന്നൈ: തവള കല്യാണവും പശുവിന് ബേബി ഷവറുമൊക്കെ നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്‌തമായി തന്‍റെ ഏറ്റവും പ്രിയപ്പെട്ട നായക്ക് ബേബി ഷവർ നടത്തിയിരിക്കുകയാണ് തമിഴ്‌നാട് പൊലീസിൽ മധുര കോർപ്പറേഷനിൽ സബ് ഇൻസ്‌പെക്‌ടറായ ജയ്ഹിന്ദ്‌പുരം സ്വദേശി ശക്തിവേൽ. ഗർഭിണികൾക്ക് നടത്തുന്ന ചടങ്ങാണ് തന്‍റെ സുജി എന്ന് പേരുള്ള നായക്ക് ശക്തിവേൽ നടത്തിയത്.
സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും എല്ലാം ക്ഷണിച്ചായിരുന്നു ശക്തിവേൽ സുജിയുടെ വളകാപ്പ് (ബേബി ഷവർ) നടത്തിയത്. ചടങ്ങിൽ സുജിയെ പൂമാല അണിയിച്ചും കാലുകളിൽ വളകൾ അണിയിച്ചും ഒരുക്കി. അഞ്ച് തരം ഭക്ഷണങ്ങളും സുജിക്ക് നൽകി. വിരുന്നുകാരുടെ ഒപ്പമിരുന്നാണ് സുജിയും ഭക്ഷണം കഴിച്ചത്.
ചെറുപ്പം മുതലേ താൻ നായകളെ വളർത്തുന്നുണ്ടെന്നും വളർത്തുമൃഗത്തേക്കാൾ ഉപരി അവ തനിക്ക് കുടുംബാംഗത്തെ പോലെയാണെന്നും ശക്തിവേൽ പറയുന്നു. വീട്ടുകാർ കഴിക്കുന്ന എന്ത് ഭക്ഷണവും സുജിക്ക് നൽകുമെന്നും ശക്തിവേൽ പറഞ്ഞു. സുജിയുടെ ബേബി ഷവറിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ നിരവധി പേരാണ് ശക്തിവേലിന് അഭിനന്ദനവും സുജിക്ക് ആശംസയുമായും എത്തിയത്.