കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കൊല്‍ക്കത്തയിലെ ബി.ജെ.പി ഓഫീസിനകത്ത് വച്ച് യുവാവിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് ബാബുലിനെതിരെ പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്.
ടിവി ക്യാമറകള്‍ക്ക് മുന്നില്‍ പോസ് ചെയ്യുന്നതിനും ബൈറ്റുകള്‍ നല്‍കുന്നതിനും പകരം പ്രചാരണം ആരംഭിക്കാന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ട യുവാവിനെ അടിക്കുന്നതായാണ് വീഡിയോയില്‍ കാണുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ താന്‍ ആരേയും മര്‍ദ്ദിച്ചിട്ടില്ലെന്നും തല്ലാന്‍ പോകുന്നതുപോലെ കാണിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് ബാബുല്‍ പറയുന്നത്. ബാബുല്‍ ആരെയും അടിക്കാനോ ശാരീരികമായി ഉപദ്രവിക്കാനോ ഉദ്ദേശിച്ചിരുന്നില്ലെന്നാണ് സംഭവത്തെക്കുറിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് പറയുന്നത്.