ന്യൂഡല്‍ഹി: ലോക്ക്‌ഡൗണ്‍ നിരവധി വഴിയോര കച്ചവടക്കാരുടെ ജീവിതമാണ് ദുരിതത്തിലാക്കിയത്. ഡല്‍ഹിയില്‍ 'ബാബാ കാ ദാബ' എന്ന പേരില്‍ തട്ടുകട നടത്തിയിരുന്ന 80 വയസുകാരനായ കാന്ത പ്രസാദും ഇക്കൂട്ടത്തില്‍ പെടുന്നയാളാണ്.
ലോക്ക്‌ഡൗണില്‍ കച്ചവടമില്ലാതെ കട പൂട്ടേണ്ടി വന്ന കാന്ത പ്രസാദിന്‍റെ കണ്ണീരോടുകൂടിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. പിന്നീട് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി സഹായങ്ങളാണ് അദ്ദേഹത്തെ തേടിയെത്തിയത്.
സംഭാവന ലഭിച്ച തുകകൊണ്ട് അദ്ദേഹം 2020 ഡിസംബറില്‍ പുതിയ ഭക്ഷണശാല ആരംഭിക്കുകയും ചെയ്‌തു. എന്നാല്‍ അതും പൂട്ടേണ്ടി വന്നിരിക്കുകയാണ് കാന്ത പ്രസാദിന്. വരുമാനമില്ലാത്തതാണ് കാരണം. കെട്ടിടത്തിന്‍റെ വാടകയിനത്തില്‍ തന്നെ 35,000 രൂപ ചെലവ് വരും പിന്നെ ജോലിക്കാര്‍ക്ക് ശമ്പളം, വൈദ്യുതി, വെള്ളം എല്ലാം കൂടി ഒരു ലക്ഷത്തോളം ചെലവുണ്ട്. ചെലവ് അധികവും വരുമാനം കുറഞ്ഞതും ഭക്ഷണശാല പൂട്ടാന്‍ കാരണമായി.
Read More: ബാബാ കാ ദാബ കേസ്; യൂട്യൂബർ ഗൗരവ് വാസനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തു
എന്നാല്‍ പഴയ ദാബ തുടര്‍ന്ന് പ്രവര്‍ത്തിപ്പിക്കാനാണ് കാന്തയുടെ തീരുമാനം. ഇവിടെ നിന്നും മികച്ച വരുമാനമുണ്ടാകാന്‍ കഴിയുമെന്നാണ് കാന്ത പറയുന്നത്. സംഭവനയായി ലഭിച്ചതില്‍ നിന്നും 20 ലക്ഷം രൂപ ഭാവിയിലേക്ക് കരുതിവെച്ചിട്ടുണ്ടെന്നും കാന്ത പറയുന്നു.
സമൂഹമാധ്യമത്തിലെ പോസ്റ്റിനെ തുടര്‍ന്ന് ലഭിച്ച ഫണ്ട് ദുരുപയോഗം ചെയ്‌തെന്ന് ആരോപിച്ച് കാന്ത പ്രസാദ് യൂട്യൂബര്‍ ഗൗരവ് വാസനെതിരെ ഡല്‍ഹി സൗത്ത് പൊലീസില്‍ പരാതി നല്‍കിയിരുന്നു.