ലഖ്‌നൗ : ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്‍പ് അയോധ്യയിൽ രാമക്ഷേത്രം പൂർത്തിയാക്കുമെന്ന് ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ്. 2023 ഡിസംബറോടെ ഭക്തർക്ക് ക്ഷേത്രം തുറന്ന് നൽകാനാകുമെന്ന് ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു. അമ്പലനിര്‍മാണത്തിന്‍റെ രണ്ടാംഘട്ട പ്രവൃത്തികള്‍ നവംബർ 15നകം പൂർത്തിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ക്ഷേത്രനിർമാണം പൂർത്തിയാക്കി ഭക്തർക്ക് ദർശനത്തിന് അവസരം അനുവദിച്ചാല്‍ നേട്ടമാകുമെന്നാണ് ബിജെപി വിലയിരുത്തല്‍. യുപിയിൽ നിന്ന് കൂടുതൽ സീറ്റുകൾ ഉറപ്പിക്കാൻ രാമക്ഷേത്രം പ്രചാരണായുധമാക്കാനും ബിജെപി ലക്ഷ്യമിടുന്നു. ഏറ്റവും കൂടുതൽ ലോക്‌സഭ മണ്ഡലങ്ങളുള്ള സംസ്ഥാനമാണ് ഉത്തർ പ്രദേശ്.
ALSO READ: വിജയദശമി ദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
23 മുതൽ 25 വരെ ഡിഗ്രി സെൽഷ്യസിലാണ് ക്ഷേത്ര നിർമാണത്തിന്‍റെ കോൺക്രീറ്റിങ് നടത്തേണ്ടത്. എന്നാൽ നിലവിൽ അന്തരീക്ഷ താപനില ഉയരുകയാണ്. പക്ഷേ രാത്രി കാലങ്ങളില്‍ അന്തരീക്ഷ താപനില കുറയുന്നത് ജോലി എളുപ്പമാക്കുന്നുണ്ടെന്നും ചമ്പത് റായ് ചൂണ്ടിക്കാട്ടി.
മിർസാപൂര്‍, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നാണ് രാമക്ഷേത്ര നിർമാണത്തിനായുള്ള കല്ലുകൾ എത്തിക്കുന്നത്. 2019 ഒക്‌ടോബറിലാണ് അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിന് അനുമതി നല്‍കി സുപ്രീം കോടതി ഉത്തരവിട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ വർഷം രാമക്ഷേത്രത്തിന് ശിലാസ്ഥാപനം നടത്തുകയും ചെയ്‌തു.