അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കണോ? വേണ്ടയോ? തീരുമാനമെടുക്കാനാവാതെ കുഴങ്ങുകയാണ് കോണ്‍ഗ്രസ് നേതൃത്വം. തീരുമാനമെടുക്കല്‍ അത്ര എളുപ്പമല്ല. ചടങ്ങില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചാല്‍ ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്ന് എതിര്‍പ്പ് ഉറപ്പാണ്.
പങ്കെടുത്തില്ലെങ്കിലോ ബഹുഭൂരിപക്ഷം വരുന്ന സമുദായം എതിരാവും. കോണ്‍ഗ്രസ് നേതാക്കള്‍ അകപ്പെട്ട കയത്തില്‍ നിന്ന് കരകയറുക എളുപ്പമല്ല. തങ്ങളെ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിക്കാതിരുന്നെങ്കില്‍ നന്നായേനെ എന്ന് സത്യമായും കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോള്‍ ആശിക്കുന്നുണ്ടാവും. അങ്ങിനെ ആയിരുന്നെങ്കില്‍ പാവനമായൊരു മത ചടങ്ങിനെ ബിജെപി രാഷ്ട്രീയവത്‌ക്കരിക്കുന്നു എന്ന് അവര്‍ക്ക് ആക്ഷേപിക്കാമായിരുന്നു.
നിനച്ചിരിക്കാതെയാണ് സോണിയ ഗാന്ധിക്കും മല്ലികാര്‍ജുന്‍ ഖാര്‍ഗേക്കും അധീര്‍ രഞ്ജന്‍ ചൗധരിക്കും ഈ മാസം 22ന് നടക്കുന്ന രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിലേക്ക് ശ്രീ രാമജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റിന്‍റെ ക്ഷണം എത്തിയത്. ക്ഷണം തള്ളണോ കൊള്ളണോ എന്നറിയാതെ പാര്‍ട്ടി കുഴങ്ങുകയാണിപ്പോള്‍.
രാമ ക്ഷേത്രത്തിന്‍റെ പ്രാണ പ്രതിഷ്‌ഠ ചടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണം വന്നപ്പോള്‍ത്തന്നെ സിപിഎം അത് നിരസിച്ചിരുന്നു. മതപരമായൊരു ചടങ്ങിനെ ബിജെപി രാഷ്ട്രീയവത്‌കരിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു സിപിഎം ക്ഷണം നിരസിച്ചത്. വിശ്വ ഹിന്ദു പരിഷത്തിന്‍റെ മുതിര്‍ന്ന നേതാക്കള്‍ തന്നെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ഡല്‍ഹിയിലേക്ക് നേരിട്ട് ക്ഷണിച്ചെങ്കിലും മതവിശ്വാസം വ്യക്തിപരമായ കാര്യമാണെന്നും മതകാര്യങ്ങളെ ബിജെപി രാഷ്ട്രീയ നേട്ടം കൊയ്യുന്നതിന് ഉപയോഗിച്ചതിനോട് യോജിപ്പില്ലെന്നും മാധ്യമങ്ങളിലൂടെ പ്രതികരിക്കാന്‍ യെച്ചൂരി മടിച്ചില്ല.
തുറന്നടിച്ചുള്ള സിപിഎമ്മിന്‍റെ തീരുമാനം ബിജെപി നേതാക്കളില്‍ നിന്നുള്ള നിശിത വിമര്‍ശനത്തിനും വഴി വച്ചു. ഭഗവാന്‍ ശ്രീരാമന്‍ സ്നേഹിക്കുന്നവര്‍ക്ക് മാത്രമെ പ്രാണ പ്രതിഷ്‌ഠ ചടങ്ങില്‍ പങ്കെടുക്കാന്‍ യോഗമുണ്ടാവൂ എന്നായിരുന്നു കേന്ദ്ര വിദേശ കാര്യ സഹമന്ത്രി മീനാക്ഷി ലേഖിയുടെ പ്രതികരണം. ഒരു നിമിഷം പോലും ചിന്തിക്കാതെ പ്രാണ പ്രതിഷ്‌ഠ ചടങ്ങിനുള്ള ക്ഷണം നിരസിക്കാന്‍ തീരുമാനിച്ചത് സിപിഎം നേതൃത്വത്തിന് ഒരു പ്രശ്‌നവും സൃഷ്‌ടിച്ചില്ല.
ഒരു കാലത്ത് മത വിരോധികളും ദൈവ വിരോധികളുമായിരുന്ന കമ്യൂണിസ്റ്റുകള്‍ തങ്ങളുടെ വിരോധത്തിന്‍റെ കാഠിന്യം അല്‍പ്പം കുറച്ചിട്ടുണ്ട്. സാധാരണക്കാരായ ജനങ്ങളും പണക്കാരും പാവപ്പെട്ടവരും ഉന്നതജാതിക്കാരും പിന്നാക്ക ജാതിക്കാരുമൊക്കെ, ഒന്നല്ലെങ്കില്‍ മറ്റൊരു മതത്തില്‍ വിശ്വസിക്കുന്ന യാഥാര്‍ഥ്യം സിപിഎം കാണുന്നു. അതേ സമയം തങ്ങള്‍ യഥാര്‍ഥ മതേതര വാദികളാണെന്ന പ്രതീതി ജനിപ്പിക്കാന്‍ അവര്‍ ശ്രമിക്കുന്നു.
ശ്രീരാമനെ ആരാധിക്കുന്ന കോടിക്കണക്കിന് ജനങ്ങളുള്ള ഹിന്ദി ഹൃദയ ഭൂമിയില്‍ തങ്ങള്‍ക്ക് കാര്യമായ സ്വാധീനമില്ലെന്നത് കൊണ്ടുതന്നെ മതത്തെ രാഷ്ട്രീയത്തില്‍ നിന്ന് അകറ്റി നിര്‍ത്തണമെന്ന് സിപിഎമ്മിന് എളുപ്പത്തില്‍ പറയാം. മുസ്‌ലീം ലീഗ് പോലുള്ള മതാധിഷ്‌ഠിത പാര്‍ട്ടികളുമായി രാഷ്ട്രീയമായി നേര്‍ക്ക് നേര്‍ നില്‍ക്കുന്ന കേരളത്തിലെ രാഷ്ട്രീയം മാത്രമാണ് സിപിഎമ്മിന് പ്രധാനം.
എന്നാല്‍ കോണ്‍ഗ്രസിന്‍റെ കാര്യം അതല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തില്‍ ഭഗവാന്‍ ശ്രീരാമ ചന്ദ്രന്‍റെ ജന്മസ്ഥാനത്ത് മഹാക്ഷേത്രം ഉയരുമ്പോള്‍ പങ്കെടുക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസിന് തീരുമാനമെടുക്കാന്‍ കഴിയുന്നില്ല. ജീവിതത്തിന്‍റെ നാനാ തുറകളില്‍പ്പെടുന്ന ആയിരക്കണക്കിന് പ്രമുഖ വ്യക്തികള്‍ പങ്കെടുക്കുന്ന ചടങ്ങ് ദൂരദര്‍ശനും മറ്റു സ്വകാര്യ ചാനലുകളും ലോകം മുഴുവനും കാണിക്കും. സിപിഎമ്മിനെ പോലെ ഹിന്ദി ഹൃദയ ഭൂമിയില്‍ ഒരു പ്രതീക്ഷയും ഇല്ലാത്ത പാര്‍ട്ടിയായിരുന്നെങ്കില്‍ കോണ്‍ഗ്രസിനും ക്ഷണം എളുപ്പം നിരസിക്കാമായിരുന്നു. ഞങ്ങളാണ് യഥാര്‍ഥ മതേതര കക്ഷിയെന്ന് വാദിക്കാമായിരുന്നു.
ചടങ്ങില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചാല്‍ വടക്കേ ഇന്ത്യയില്‍ നിന്നുള്ള വലിയൊരു പങ്ക് മുസ്‌ലിം വോട്ട് കോണ്‍ഗ്രസിന് നഷ്‌ടമാകും. ചടങ്ങില്‍ പങ്കെടുത്തില്ലെങ്കില്‍ ഹിന്ദു വിരുദ്ധ പാര്‍ട്ടിയെന്ന് ബിജെപി ആക്ഷേപിക്കും. പ്രാണ പ്രതിഷ്‌ഠ ചടങ്ങിലേക്ക് ദൈവ വിശ്വാസിയല്ലാത്ത തന്നെ ക്ഷണിച്ചത് കേവലം ഔപചാരികതയുടെ പേരിലാണെന്ന് തിരിച്ചറിഞ്ഞ് ക്ഷണം നിരസിക്കാന്‍ സീതാറാം യെച്ചൂരിക്ക് എളുപ്പം സാധിച്ചു. ഒടുക്കം രാമക്ഷേത്ര പ്രാണ പ്രതിഷ്‌ഠ ചടങ്ങില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ കോണ്‍ഗ്രസും തീരുമാനിച്ചേക്കാം.
സ്വാഭാവികമായും ഉത്തരേന്ത്യയില്‍ നിന്നുള്ള മുസ്‌ലീം വോട്ടുകള്‍ ഒന്നടങ്കം ലക്ഷ്യം വയ്‌ക്കുന്ന കോണ്‍ഗ്രസിന് മേല്‍ ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദം അതിശക്തമാണ്. കേരളത്തില്‍ കോണ്‍ഗ്രസിന്‍റെ സഖ്യ കക്ഷിയായ മുസ്‌ലിം ലീഗ് പാര്‍ട്ടിയുടെ നിലപാട് രാഹിത്യത്തെ തുറന്ന് എതിര്‍ത്തിട്ടുണ്ട്.
"ഉത്തരേന്ത്യയിലെ ഹിന്ദു വോട്ടുകളില്‍ ചോര്‍ച്ചയുണ്ടാകുമോ എന്ന് ഭയന്നാണ് ചടങ്ങില്‍ പങ്കെടുക്കാമെന്ന് കോണ്‍ഗ്രസ് നിലപാടെടുക്കുന്നത്. കോണ്‍ഗ്രസിന്‍റെ ഇത്തരം മൃദു ഹിന്ദുത്വ സമീപനം കാരണമാണ് അവര്‍ ഇന്ന് ഈ സ്ഥിതിയിലായതെന്ന്" മുസ്‌ലീം ലീഗ് മുഖപത്രം വിമര്‍ശിച്ചു. ബിജെപിയുടെ കെണിയില്‍ വീഴരുതെന്നും മുസ്‌ലീം ലീഗ് കോണ്‍ഗ്രസിനെ ഉപദേശിക്കുന്നു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനും ചടങ്ങിലേക്ക് ക്ഷണമുണ്ടെങ്കിലും അനാരോഗ്യം കാരണം അദ്ദേഹം ചടങ്ങില്‍ പങ്കെടുത്തേക്കില്ല.
തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ മടിയില്ലാതെ ഹിന്ദു കാര്‍ഡിറക്കുന്ന ബിജെപിയെ എതിരിടുന്നതില്‍ കോണ്‍ഗ്രസിന് പലപ്പോഴും സംഭവിക്കാറുള്ള ചാഞ്ചല്യം തന്നെയാണ് അയോധ്യയിലെ ചടങ്ങില്‍ പങ്കെടുക്കുന്ന കാര്യത്തിലെ ആശയക്കുഴപ്പത്തിനും വഴിവച്ചത്. അടുത്തിടെ നടന്ന മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി കമല്‍നാഥ് മൃദു ഹിന്ദു സമീപനം പുലര്‍ത്തിയെന്ന് മാത്രമല്ല താന്‍ ഒരു ഹനുമാന്‍ ഭക്തനാണെന്ന് പ്രഖ്യാപിക്കുക കൂടി ചെയ്‌തു. അധികാരത്തിലെത്തിയാല്‍ ഹനുമാന്‍ ക്ഷേത്രം നിര്‍മിക്കുമെന്ന് വാഗ്‌ദാനം ചെയ്‌ത കമല്‍നാഥ് ക്ഷേത്ര നിര്‍മാണത്തിന് വെള്ളിയിലുളള അഞ്ച് ഇഷ്‌ടികകള്‍ ദാനം ചെയ്യുക കൂടി ചെയ്‌തതായാണ് റിപ്പോര്‍ട്ടുകള്‍.
ഹിന്ദുത്വത്തോടുള്ള കോണ്‍ഗ്രസിന്‍റെ മീ റ്റൂ സമീപനം തള്ളിയാണ് വോട്ടര്‍മാര്‍ പൂര്‍ണ ഹിന്ദുത്വത്തോടൊപ്പം നിന്നത്. രാമ ജന്മഭൂമിക്ക് വേണ്ടിയുള്ള ദശകങ്ങള്‍ നീണ്ട പ്രക്ഷോഭ കാലത്തും പല ഘട്ടങ്ങളിലും കോണ്‍ഗ്രസിന്‍റെ ഇരട്ടത്താപ്പ് പ്രകടമായിരുന്നു. 1989 ലെ പൊതു തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് രാജീവ് ഗാന്ധി സര്‍ക്കാരാണ് തര്‍ക്ക ഭൂമിയില്‍ ശിലാന്യാസത്തിന് അനുമതി നല്‍കിയത്. രാമരാജ്യം വാഗാദാനം ചെയ്‌ത അയോധ്യയില്‍ നിന്ന് ഏറെ അകലെയല്ലാത്ത ഫൈസാബാദില്‍ നിന്നാണ് ആ വര്‍ഷം രാജീവ് ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചത്. ആ തെരഞ്ഞെടുപ്പിലും 'ഡ്യൂപ്ലിക്കേറ്റ് രാമ ഭക്തര്‍ക്ക്' വോട്ടര്‍മാര്‍ തിരിച്ചടി നല്‍കി.
ലോകം കാത്തിരിക്കുന്ന നിമിഷം: ജനുവരി 22ന് അയോധ്യയില്‍ നിന്നുള്ള കാഴ്‌ചകള്‍ കാണാന്‍ ലോകം കാത്തിരിക്കുമെന്നതില്‍ സംശയമില്ല. കോടിക്കണക്കിന് ഭാരതീയരുടെ കണ്ണുകള്‍ അന്ന് അയോധ്യയിലേക്കായിരിക്കും. വിശ്വാസികളല്ലാത്തവരെ പോലും ആകര്‍ഷിക്കുന്ന മാസ്‌മരികതയുമായാണ് പ്രാണ പ്രതിഷ്‌ഠ ചടങ്ങ് നടക്കുക.
ഓരോ വര്‍ഷവും എത്തുന്ന കോടിക്കണക്കിന് രാമ ഭക്തരെ ഉള്‍ക്കൊള്ളാന്‍ തക്ക വിധം അയോധ്യ നഗരവും പരിസരവും മാറിക്കഴിഞ്ഞു. അത് ഈ പ്രദേശത്തിന്‍റെ സാമ്പത്തിക സ്ഥിതിയിലും പ്രതിഫലിക്കും. ഭഗവാന്‍ ശ്രീരാമന്‍റെ ഭവ്യ ജീവിതം ഇതിവൃത്തമാക്കി തയാറാക്കിയ വിമാനത്താവളവും റെയില്‍വേ സ്റ്റേഷനും പ്രാണ പ്രതിഷ്‌ഠക്ക് മുന്നോടിയായി ഉദ്ഘാടനം ചെയ്യപ്പെട്ടു കഴിഞ്ഞു.
ലോക്‌സഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അകലെ നില്‍ക്കേ രാമക്ഷേത്രം യാഥാര്‍ഥ്യമാക്കിയത് ബിജെപിയെ ശക്തമായ നിലയിലെത്തിച്ചിട്ടുണ്ട്. പ്രതിപക്ഷ കക്ഷികള്‍ എത്ര തന്നെ പല്ലിറുമ്മിയാലും കോടിക്കണക്കിനുള്ള ശ്രീരാമ ഭക്തരുടെ ആഗ്രഹം യാഥാര്‍ഥ്യമാക്കിയതില്‍ ബിജെപിക്കുള്ള പങ്ക് നിരാകരിക്കാന്‍ കഴിയില്ല. അയോധ്യയിലെ രാമനഗരിയില്‍ നിന്നുയരുന്ന ശക്തമായ തരംഗത്തിലൂടെ ലോക്‌സഭ തെരഞ്ഞെടുപ്പെന്ന കടമ്പ കടക്കാനാകുമെന്ന ബിജെപിയുടെ ആത്മവിശ്വാസവും ശക്തമാണ്.