ലഘിംപൂർ (അസം): അയോധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്‌ഠ ചടങ്ങ് (Ayodhya Pran Pratishtha Day) നടക്കുന്ന ജനുവരി 22ന് ശ്രീ ശങ്കർദേവിന്‍റെ ജന്മസ്ഥലം രാഹുൽ ഗാന്ധി (Rahul Gandhi) സന്ദർശിക്കും. ശ്രീ ശങ്കർദേവിന്‍റെ ജന്മസ്ഥലമായ (Sri Sankardevs Birthplace) നാഗോൺ ജില്ലയിലെ ബർഡോവ സത്രമാണ് രാഹുൽ ഗാന്ധി സന്ദർശിക്കുകയെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് അറിയിച്ചു. അസമിന്‍റെ സാംസ്‌കാരിക-മത ചരിത്രത്തിൽ പ്രാധാന്യമുള്ള വ്യക്തിയാണ് ശ്രീ ശങ്കർദേവ്.
ഭാരത് ജോഡോ ന്യായ് യാത്രയുടെ (Bharat Jodo Nyay Yatra) ഒമ്പതാം ദിവസമാണ് ജനുവരി 22. രാവിലെ 7 മണിക്ക് രാഹുൽ ഗാന്ധി ബോർഡോവ സത്രം സന്ദർശിക്കും. ശ്രീ ശങ്കരദേവ് നമ്മുടെ രാജ്യത്തെ മഹത്തായ ഗുരുക്കളിൽ ഒരാളും സാമൂഹിക പരിഷ്‌കർത്താവുമാണ്, 15, 16 നൂറ്റാണ്ടുകളിലെ അദ്ദേഹത്തിന്‍റെ സംഭാവനകൾ പ്രചോദനത്തിന്‍റെ ഉറവിടമാണെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.
അതേസയമം, കോൺഗ്രസിലെ പ്രമുഖ നേതാക്കൾ ധാർഷ്ട്യം മൂലമാണ് രാമക്ഷേത്രത്തിന് എതിരായതെന്ന ബിജെപിയുടെ ആരോപണത്തിനെതിരെയും ജയറാം രമേശ് പ്രതികരിച്ചു. നമ്മുടെ രാജ്യത്ത് അഹങ്കാരം കാണിക്കുന്ന ഒരേയൊരു വ്യക്തി പ്രധാനമന്ത്രിയാണെന്നായിരുന്നു ജയറാം രമേശ് പറഞ്ഞത്.
'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' എന്ന ആശയത്തെ കോൺഗ്രസ് എതിർക്കുന്നതിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു. വിഷയത്തിൽ കോൺഗ്രസ് അധ്യക്ഷൻ മൂന്ന് പേജുള്ള വിശദമായ കത്ത് കമ്മിഷന് അയച്ചിട്ടുണ്ടെന്നും ജനാധിപത്യത്തിന് എതിരായതിനെ പൂർണ ശക്തിയോടെ എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു.
അസമിൽ ഭാരത് ജോഡോ ന്യായ് യാത്ര പുരോഗമിക്കുകയാണ്. ജനുവരി 14നാണ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര മണിപ്പൂരിൽ നിന്ന് ആരംഭിച്ചത്. ജനുവരി 25 വരെയാണ് അസമിൽ പര്യടനം നടക്കുന്നത്. മാർച്ച് 20, 21 തീയതികളിലായി മുംബൈയിൽ യാത്ര സമാപിക്കും.
ഭാരത് ജോഡോ ന്യായ് യാത്രക്കെതിരെ കേസെടുത്ത് അസം പൊലീസ്: നേരത്തെ നിശ്ചയിച്ച റൂട്ട് മാറ്റി എന്നാരോപിച്ച് ഭാരത് ജോഡോ ന്യായ് യാത്രക്കെതിരെ (Bharat Jodo Nyay Yatra) അസം പൊലീസ് ഇന്നലെ കേസെടുത്തിരുന്നു. മുൻകൂട്ടി നിശ്ചയിച്ച റൂട്ടിൽ നിന്ന് മാറി യാത്ര കടന്നുപോയെന്നും ഇതോടെ ജോര്‍ഹട്ടില്‍ സംഘര്‍ഷ സമാന സാഹചര്യം ഉണ്ടായെന്നും ചൂണ്ടിക്കാട്ടിയാണ് അസം പൊലീസ് സ്വമേധയാ എഫ്ഐആർ രജിസ്റ്റർ ചെയ്‌തത് (Case against Bharat Jodo Nyay Yatra). മുന്‍കൂട്ടി അറിയിക്കാതെ റൂട്ട് മാറ്റിയതോടെ ഗതാഗതം തടസപ്പെട്ടുവെന്നും ബാരിക്കേഡുകള്‍ മറികടന്ന് ജനങ്ങള്‍ പൊലീസിനെ ആക്രമിക്കുന്ന സാഹചര്യം ഉണ്ടായെന്നും പൊലീസ് ആരോപിച്ചു.