അയോധ്യ: അയോധ്യ ഭൂമി തട്ടിപ്പ് കേസിൽ ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് ബിജെപി നേതാവ്. അയോധ്യയിലെ ബിജെപി വക്താവ് രജനീഷ് സിങ്ങാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്. അനധികൃത ഭൂമി കച്ചവടം നടത്തിയ സംഭവത്തിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്നാണ് കത്തിൽ ആരോപിക്കുന്നത്.
ഭൂമാഫിയയും സർക്കാർ ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയാണിതെന്നും അദ്ദേഹം ആരോപിച്ചു. കേസിൽ ഉന്നതതല അന്വേഷണം വേണമെന്നാണ് രജനീഷിന്‍റെ ആവശ്യം. തുടർനടപടികൾക്കായി പ്രധാനമന്ത്രിയുടെ ഓഫിസ് കത്ത് യുപി സർക്കാരിന് കൈമാറിയെന്നാണ് വിവരം.
നേരത്തെ ബിജെപി എംപി ലല്ലു സിങ് അയോധ്യയിലെ ജംതാര മുതൽ ഗൊലാഘട്ട് വരെയുള്ള പ്രദേശങ്ങളിൽ അനധികൃത ഭൂമി ഇടപാടുകൾ നടക്കുന്നതിനെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘം(എസ്ഐടി) അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയിച്ചിരുന്നു.
അയോധ്യ ഭൂമി തട്ടിപ്പ് ആരോപണം: അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിന് 2019 സുപ്രീം കോടതി ഉത്തരവിട്ടതോടെയാണ് ഉത്തർപ്രദേശിൽ ഭൂമാഫിയകൾ സജീവമായത്. നിരവധി ബിജെപി നേതാക്കളാണ് ക്ഷേത്ര നിർമാണം ആരംഭിക്കും മുൻപ് പ്രദേശത്ത് ഭൂമി വ്യാപകമായി വാങ്ങി കൂട്ടിയത്. ന്യൂനപക്ഷ വിഭാഗങ്ങളുടെത് ഉൾപ്പടെയുള്ള ഭൂമി വളരെ തുച്ഛമായ വില നൽകിയാണ് വാങ്ങിയത്.
ക്ഷേത്രം നിർമിക്കുന്ന സ്ഥലത്ത് നിന്നും അഞ്ച് കിലോമീറ്റർ പരിധിയിൽ ആണ് വ്യാപകമായി ഭൂമിയുടെ ക്രയവിക്രയം നടന്നത്. ഈ ഭൂമിയാണ് പിന്നീട് ഉയർന്ന വിലയ്ക്ക് ക്ഷേത്ര നിർമാണ ട്രസ്‌റ്റിന് മറിച്ച് നൽകിയത് എന്ന് ആരോപണം ഉയർന്നിരുന്നു.
രാമജന്മഭൂമി ട്രസ്‌റ്റും വിവാദവും: രാമജന്മഭൂമി ട്രസ്‌റ്റ് രണ്ടുകോടി രൂപ മാത്രം മൂല്യമുള്ള ഭൂമി 18 കോടി കൊടുത്തുവാങ്ങിയെന്നാണ് പ്രധാന ആരോപണം. ഭൂമി റജിസ്‌റ്റർ ചെയ്യുമ്പോള്‍ കാണിച്ചിരിക്കുന്നത് 2 കോടിയാണ് എന്നാല്‍ രജിസ്ട്രേഷന്‍ കഴിഞ്ഞ് അഞ്ച് മിനുട്ടിന് ശേഷം ഭൂമിയുടെ ഉടമയ്ക്ക് 16.5 കോടി കൂടി നല്‍കിയെന്നായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം.
Read more:അയോധ്യ ഭൂമി തട്ടിപ്പ്; ട്രസ്റ്റിന്‍റെ ഭൂമി ഇടപാടുകൾ സുതാര്യമെന്ന് ആർഎസ്എസ്