ജോധ്പൂര്‍ (രാജസ്ഥാന്‍) : വിദേശത്ത് നടക്കുന്ന വ്യോമാഭ്യാസത്തിന് നേതൃത്വം നല്‍കുന്ന ആദ്യ ഇന്ത്യന്‍ വനിത യുദ്ധ വിമാന പൈലറ്റാകാന്‍ സ്ക്വാഡ്രൺ ലീഡർ അവനി ചതുര്‍വേദി. ഈ മാസം 16 മുതല്‍ 26 വരെ ജപ്പാനില്‍ നടക്കുന്ന 'വീര്‍ ഗാര്‍ഡിയന്‍ 2023' വ്യോമാഭ്യാസത്തിലാണ് ഇന്ത്യന്‍ സംഘത്തിനൊപ്പം അവനിയും പങ്കെടുക്കുക. ഒമിറ്റമയിലെ ഹ്യാകുരി എയർ ബേസിലും അതിന് ചുറ്റുമുള്ള വ്യോമാതിര്‍ത്തിയിലും സയാമയിലെ ഇരുമ എയർ ബേസിലുമാണ് ഫ്രഞ്ച് വ്യോമസേന ഉള്‍പ്പടെ പങ്കെടുക്കുന്ന ഇന്ത്യ-ജപ്പാന്‍ സംയുക്ത അഭ്യാസം നടക്കുക.
ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്‍റെ ചരിത്രത്തിലാദ്യമായി ഒറ്റയ്‌ക്ക് യുദ്ധവിമാനം പറപ്പിച്ച വനിത എന്ന റെക്കോഡിനുടമയാണ് മധ്യപ്രദേശ് സ്വദേശിയായ അവനി. 2018ല്‍ തന്‍റെ 24-ാം വയസിലായിരുന്നു അവനി ഈ നേട്ടം സ്വന്തമാക്കിയത്. വ്യോമസേനയിലെ സുഖോയ്-30എംകെഐ സ്ക്വാഡ്രണിനാണ് അവനി ചതുര്‍വേദി നേതൃത്വം നല്‍കുന്നത്.
അത്യാധുനിക ഏവിയോണിക്‌സിന്‍റെയും ഉയർന്ന കാലിബർ ആയുധങ്ങളുടെയും സവിശേഷമായ സമന്വയമാണ് അവനി നേതൃത്വം നല്‍കുന്ന സുഖോയ്-30എംകെഐ ഫൈറ്റര്‍ ഫ്ലൈറ്റെന്ന് സ്ക്വാഡ്രണിന്‍റെ തലവനായ ഗ്രൂപ്പ് ക്യാപ്റ്റന്‍ അര്‍പിത് കാല വാര്‍ത്ത ഏജന്‍സിയായ എ എന്‍ ഐയോട് വ്യക്തമാക്കി. ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകളുടെയും ആസ്ട്ര എയർ ടു എയർ മിസൈലുകളുടെയും സംയോജനവും വിമാനത്തെ കൂടുതല്‍ മികവുറ്റതാക്കുന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, തദ്ദേശീയമായി തന്നെ ആയുധ സംവിധാനങ്ങളുള്ള ഏറ്റവും മാരകമായതും മികച്ചതുമായ പോര്‍ വിമാനമാണ് സുഖോയ്-30എംകെഐ എന്ന് സ്ക്വാഡ്രണുകൾക്ക് നേതൃത്വം നൽകുന്ന ഓഫിസർമാരായ ഭാവന കാന്തും മുകുൾ ബാവയും അഭിപ്രായപ്പെട്ടു. മധ്യപ്രദേശ് ദോലന്‍റ് സ്വദേശിനിയായ അവനി സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം ബനസ്‌തലി സര്‍വകലാശാലയില്‍ നിന്നും ബി.ടെക് നേടി. തുടര്‍ന്നാണ് വ്യോമസേനയില്‍ ചേരുന്നത്.
വനിതകള്‍ക്കും അംഗമാകാമെന്ന് 2015ല്‍ കേന്ദ്രസര്‍ക്കാര്‍ എടുത്ത തീരുമാനമാണ് അവനിയെ ഇന്ത്യന്‍ വ്യോമസേനയുടെ ചരിത്രത്തിന്‍റെ ഭാഗമാക്കിയത്. ഹൈദരാബാദിലെ വ്യോമസേന അക്കാദമിയിലാണ് അവനി പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയത്. ഇതിന് പിന്നാലെയാണ് മിഗ്-21 ഒറ്റയ്‌ക്ക് പറത്തി ചരിത്രത്തിലിടം നേടിയത്.
ഇന്ത്യയുടെ ആദ്യത്തെ മൂന്ന് വനിത യുദ്ധ വിമാന പൈലറ്റുമാരിലൊരാളായ അവനി 'വീര്‍ ഗാര്‍ഡിയന്‍ 2023' ല്‍ പങ്കെടുക്കാനായി ഉടന്‍ തന്നെ ജപ്പാനിലേക്ക് പറക്കും.