ന്യൂഡല്‍ഹി: കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ രാജ്യത്തെ വ്യോമയാന വ്യവസായത്തിന് 28,907 കോടി രൂപയുടെ നഷ്‌ടമുണ്ടായെന്ന് വ്യോമയാനമന്ത്രാലയം ലോക്‌സഭയെ അറിയിച്ചു. കോണ്‍ഗ്രസ് എംപി അനുമുല രേവന്ത് റെഡ്ഡിയുടെ ചോദ്യത്തിന് വ്യോമയാന സഹമന്ത്രി വി കെ സിങ് എഴുതി തയ്യാറാക്കിയ മറുപടിയിലാണ് ഈ കാര്യം വ്യക്തമാക്കിയത്. 2019ല്‍ 4,770 കോടി രൂപയും, 2020ല്‍ 12,479 കോടി രൂപയും, 2021ല്‍ 11,658 കോടി രൂപയുമാണ് രാജ്യത്തെ വ്യോമയാന വ്യവസായത്തിനുണ്ടായ നഷ്‌ടം.
രാജ്യത്തെ വ്യോമയാന വ്യവസായത്തിന്‍റെ സാമ്പത്തിക നില മെച്ചപ്പെടുത്തുന്നതിനായി ഏതെങ്കിലും രീതിയിലുള്ള സമയക്രമം സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു മന്ത്രിയുടെ മറുപടി. രാജ്യത്തെ എയര്‍ലൈനുകള്‍ സ്വകാര്യ കമ്പനികളാണ് നടത്തുന്നത്. വിമാന യാത്ര നിരക്കുകളിലെ നിയന്ത്രണം സര്‍ക്കാര്‍ എടുത്തു കളഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ എയര്‍ലൈന്‍ കമ്പനികളുടെ സാമ്പത്തിക നില സര്‍ക്കാര്‍ വിശകലനം ചെയ്യാറില്ലെന്നും വി കെ സിങ് പറഞ്ഞു.
വ്യോമയാന വ്യവസായത്തിന്‍റെ സാമ്പത്തിക നഷ്‌ടം കുറയ്‌ക്കുന്നതിനായി 17 സംസ്ഥാന/കേന്ദ്ര ഭരണപ്രദേശങ്ങളില്‍ വ്യോമയാന ഇന്ധനത്തിന് ചുമത്തുന്ന മൂല്യ വര്‍ധിത നികുതി കുറച്ചിട്ടുണ്ട്. വിമാനത്താവള വികസനത്തിനായി രാജ്യത്ത് 98,000 കോടി രൂപയുടെ മൂലധന നിക്ഷേപം ലക്ഷ്യമിട്ടിട്ടുണ്ടെന്നും വി കെ സിങ് പറഞ്ഞു.