ന്യൂഡല്‍ഹി: രാജ്യത്ത് ആട്ടവിലയില്‍ വന്‍ വര്‍ധനയെന്ന് കേന്ദ്ര സര്‍ക്കാറിന്‍റെ കണക്ക്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ആട്ടവിലയില്‍ 13 ശതമാനത്തിന്‍റെ വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. 2021മാര്‍ച്ച് എട്ടിന് രാജ്യത്തെ ആട്ടവില കിലോക്ക് റിട്ടെയില്‍ മാര്‍ക്കറ്റില്‍ 29.14 രൂപയായിരുന്നു.
സര്‍ക്കാര്‍ കണക്ക് പ്രകാരം ഈ വര്‍ഷത്തെ കണക്കനുസരിച്ച് രാജ്യത്തെ ആട്ടവില ഏറ്റവും കൂടിയത് 59 രൂപയാണെന്നും കുറഞ്ഞവില 22 രൂപയാണെന്നും ശരാശരി വില 28 രൂപയാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. മുംബൈയില്‍ തിങ്കളാഴ്ച 49 രൂപയായിരുന്നു വില, ചെന്നൈയില്‍ 34, കൊല്‍കത്ത 29, ഡല്‍ഹിയില്‍ 27 രൂപയുമായിരുന്നു വില.
ഇതുകൂടാതെ രാജ്യത്തെ 22 അവശ്യ സാധനങ്ങളുടെ വിലയും കേന്ദ്രസര്‍ക്കാര്‍ നിരീക്ഷിച്ച് വരികയാണ്. അരി, ഗോതമ്പ്, ആട്ട, തുവരപ്പരിപ്പ്, കടലപ്പരിപ്പ്, ഉഴുന്ന്, ചെറുപയര്‍, ചുവന്ന പരിപ്പ്, പഞ്ചസാര, ശര്‍ക്കര, നിലക്കടല എണ്ണ, കടുകെണ്ണ, വനസ്പതി ഓയില്‍, സര്‍ഫ്ലവര്‍ ഓയില്‍, സോയ ഓയില്‍, പാം ഓയില്‍, ചായപ്പൊടി, പാല്‍, ഉരുളക്കിഴങ്ങ്, തക്കാളി, ഉള്ളി, ഉപ്പ് എന്നിവയുടെ വിലയാണ് കേന്ദ്രസര്‍ക്കാര്‍ നിരീക്ഷിക്കുന്നത്.
അതിനിടെ രാജ്യത്തെ ധാന്യങ്ങളുടെ ഉത്പാദനത്തിലും വലിയ കുറവാണ് നേരിട്ടിരിക്കുന്നത്. 2021-22 വര്‍ഷത്തെ വിളവെടുപ്പ് വര്‍ഷത്തില്‍ 111.32 മില്യണ്‍ കിലോ വിളവ് പ്രതീക്ഷിച്ചിരുന്നെങ്കിലും ലഭിച്ചത് 5.7 ശതമാനം കുറഞ്ഞ് 105 മില്യണ്‍ ടണ്‍ മാത്രമാണ്. അതിനിടെ രാജ്യത്ത് കയറ്റുമതി ഉത്പാദനം കൂടിയതിനാല്‍ ഇത്തവണ കേന്ദ്രസര്‍ക്കാറിന്‍റെ ഗോതമ്പ് സംഭരണം പകുതിയില്‍ അധികം കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഭക്ഷ്യ സെക്രട്ടറി സുധാൻഷു പാണ്ഡെ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.
ഇത് 19.5 ശതമാനമായി കുറയാനാണ് സാധ്യത. നേരത്തെ സര്‍ക്കാര്‍ നിശ്ചയിച്ചിരുന്നത് 44.3 ദശലക്ഷം ടണ്‍ ഗോതമ്പ് വാങ്ങി സൂക്ഷിക്കാന്‍ ആയിരുന്നു. മാര്‍ച്ച് ഏപ്രില്‍ മാസങ്ങളിലാണ് ഏറ്റവും കൂടുതല്‍ ഗോതമ്പ് സര്‍ക്കാര്‍ സംബരിച്ച് സൂക്ഷിക്കുന്നത്. എന്നാല്‍ ബൾക്ക് സംഭരണം ജൂൺ മാസത്തോടെ അവസാനിക്കും.
എന്നിരുന്നാലും, പൊതുവിതരണ സമ്പ്രദായത്തിന് കീഴിലുള്ള ആഭ്യന്തര ആവശ്യം നിറവേറ്റുന്നതിൽ ആശങ്കയില്ലെന്ന് സെക്രട്ടറി അറിയിച്ചു. കർഷകർക്ക് അവരുടെ ഉൽപന്നങ്ങൾക്ക് മിനിമം താങ്ങുവിലയേക്കാൾ (എം.എസ്.പി) കൂടുതൽ ലഭിക്കുന്നതിനാൽ ഗോതമ്പ് കയറ്റുമതിയിൽ എന്തെങ്കിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള സാധ്യതയും അദ്ദേഹം തള്ളിക്കളഞ്ഞു.
Also Read: ക്ഷാമം നേരിടാന്‍ ഭക്ഷ്യവസ്‌തുക്കളുടെ കയറ്റുമതിക്ക് ഇന്ത്യ തയ്യാര്‍ : നരേന്ദ്രമോദി