ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ചമോലിയില്‍ ഹിമപാതം. ജോഷിമഠിലെ മലരി ഗ്രാമത്തിലാണ് ഇന്ന് ഹിമപാതമുണ്ടായത്. ഹിമാലയത്തില്‍ തുടരുന്ന കനത്ത മഴയെ തുടര്‍ന്നാണ് ഹിമാപാതം. ഹിമാലയത്തിന്‍റെ മുകളില്‍ നിന്ന് വലിയ മഞ്ഞ് പാളി താഴേക്ക് പതിച്ചു. ആളപായമോ വസ്‌തുവകകളുടെ നാശനഷ്‌ടമോ റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല.
ചമോലിയില്‍ കഴിഞ്ഞ കുറച്ച് ദിവസമായി പ്രതികൂല കാലാവസ്ഥയാണ്. ഉയര്‍ന്ന മേഖലയില്‍ കനത്ത മഞ്ഞ് വീഴ്‌ചയാണ് ഉണ്ടാകുന്നത്. ജില്ലയിലെ ബദരീനാഥ് ധാം, ഹേമകുണ്ഡ് സാഹിബ്, ഔലി, ദിവാലിഖല്‍ മണ്ഡല്‍ എന്നീ പ്രദേശങ്ങളില്‍ മഞ്ഞ് വീഴ്‌ച ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മേഖലയിലെ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ജനജീവിതം ദുസഹമായി. ജനങ്ങള്‍ വീടുകളില്‍ തന്നെ തുടരുകയാണ്.
രുദ്രപ്രയാഗിലും കനത്ത മഞ്ഞ് വീഴ്‌ചയാണുള്ളത്. മേഖലയില്‍ തുടര്‍ച്ചയായി പെയ്യുന്ന മഴ താഴ്‌ന്ന പ്രദേശങ്ങളിലെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെങ്കിലും കൃഷി വിളകള്‍ക്ക് മഴ ഗുണം ചെയ്‌തേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേദാര്‍നാഥ് ധാമില്‍ ആറടി ഇഞ്ച് കനത്തിലാണ് മഞ്ഞ് വീഴ്‌ചയുണ്ടായത്.
പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് കേദാര്‍നാഥ് ക്ഷേത്രത്തിലെ പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നേരത്തെ തന്നെ നിര്‍ത്തി വച്ചിരുന്നു. കൂടാതെ ക്ഷേത്രത്തിന് കനത്ത സുരക്ഷ ഒരുക്കിയിരിക്കുകയാണ് ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ്.