ശ്രീനഗര്‍ : ജമ്മു കശ്‌മീരിലെ ബന്ദിപ്പോറ ജില്ലയിലെ ഗുറെസിലും ഹിമപാതം. ഇവിടെ ആളപായമോ വസ്‌തുക്കള്‍ക്ക് കേടുപാടുകളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. ശക്തമായ മഞ്ഞുവീഴ്‌ചയെ തുടര്‍ന്ന് ജമ്മു കാശ്‌മീരിലെ 12 ജില്ലകളില്‍ ജാഗ്രതാനിര്‍ദേശം നല്‍കി.
വടക്കന്‍ കശ്‌മീരിലെ കുപ്‌വാര ജില്ലയ്‌ക്ക് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി 'ഉയര്‍ന്ന അപകട സാധ്യത' മുന്നറിയിപ്പ് നല്‍കിയിരുന്നു. ബന്ദിപ്പോറ, ബാരാമുള്ള, ധോഡ, ഗണ്ടര്‍ബാള്‍, കിഷ്‌ത്‌വാര്‍, പൂന്‍ച്, റംബാന്‍, റിയേസി തുടങ്ങിയ ജില്ലകള്‍ക്ക് ഇടത്തര അപകട സാധ്യത മുന്നറിയിപ്പും നല്‍കി. അടുത്ത 24 മണിക്കൂറിനുള്ളില്‍ കുപ്‌പാര ജില്ലയില്‍ 200 മീറ്ററിലധികം ചുറ്റളവില്‍ കുറഞ്ഞ അളവില്‍ ഹിമപാതം രൂപപ്പെട്ടേക്കാമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
ഗന്ധര്‍ബാല്‍ ജില്ലയിലെ സേനാമാര്‍ഗിലെ ഒരു കണ്‍സ്‌ട്രക്ഷന്‍ കമ്പനി പ്രവര്‍ത്തിക്കുന്ന സ്ഥലത്ത് ഹിമപാതത്തെ തുടര്‍ന്ന് രണ്ട് ജീവനക്കാര്‍ മരണപ്പെട്ടിരുന്നു. മുന്‍കരുതല്‍ സ്വീകരിക്കുവാനും ഹിമപാത സാധ്യതയുള്ള പ്രദേശങ്ങളിലൂടെയുള്ള സഞ്ചാരം ഒഴിവാക്കാനും ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, മഞ്ഞുവീഴ്‌ചയെ തുടര്‍ന്ന് അടച്ചിട്ടിരുന്ന ശ്രീനഗര്‍ ജമ്മു ദേശീയ പാത ഗതാഗതത്തിനായി വീണ്ടും തുറന്നു. മഞ്ഞുവീഴ്‌ച കുറയുകയും ദൂരക്കാഴ്‌ച മെച്ചപ്പെടുകയും ചെയ്‌തതിനെ തുടര്‍ന്ന് വിമാന സര്‍വീസുകളും പുനരാരംഭിച്ചു. ഇന്ന് രാവിലെ സര്‍വീസ് നടത്താനിരുന്ന പല വിമാനങ്ങളും വൈകി സഞ്ചരിക്കുകയോ റദ്ദാക്കപ്പെടുകയോ ചെയ്‌തിരുന്നു.